
Perinthalmanna Radio
Date: 10-12-2024
പെരിന്തൽമണ്ണ : അജ്ഞാതജീവി പോത്തിൻകുട്ടിയെ കൊന്ന താഴേക്കോട് പഞ്ചായത്തിലെ അമ്മിനിക്കാട് കൊടികുത്തി മലയിലെ റബ്ബർ തോട്ടത്തിൽ വനം വകുപ്പ് ആർ.ആർ.ടി. വിഭാഗം തിങ്കളാഴ്ച ക്യാമറ സ്ഥാപിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് ചെയ്യുന്നതിനായി റബ്ബർതോട്ടത്തിൽതന്നെ വെച്ചിരുന്ന പോത്തിൻകുട്ടിയുടെ ശരീരഭാഗങ്ങൾ അജ്ഞാതജീവി രണ്ടാമതും വന്ന് തിന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമറ സ്ഥാപിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ടാപ്പിങ് തൊഴിലാളിയായ കോലഞ്ചേരി റിനോജ് വളർത്തുന്നതിനായി വാങ്ങിയ രണ്ട് പോത്തിൽകുട്ടികളിൽ ഒന്നിനെ അജ്ഞാതജീവി കൊന്ന് ഭാഗികമായി ഭക്ഷിച്ചത്.
ഞായറാഴ്ച അർധരാത്രിയിലോ പുലർച്ചെയോ വീണ്ടും അജ്ഞാതജീവിയെത്തി ശരീരഭാഗങ്ങൾ തിന്നിട്ടുണ്ട്. സമീപത്തുനിന്ന് വന്യജീവിയുടെ കാൽപ്പാടുകളും കണ്ടെത്താനായിട്ടുണ്ട്.
എന്നാൽ കൃത്യമായ തെളിവില്ലാതെ പുലിയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്ന് ആർ.ആർ.ടി. ടീം പറയുന്നു. റിനീഷ് വീട്ടിൽനിന്ന് മാറി ടാപ്പിങ് ഷെഡിനടുത്ത് കെട്ടിയിട്ടിരുന്ന പോത്തിൻകുട്ടികളിൽ ഒന്നിനെയാണ് ശനിയാഴ്ച അജ്ഞാതജീവി കൊന്നത്. കഴുത്തിൽ പല്ലുകളാഴ്ത്തി കടിച്ചതിന്റെ പാടുണ്ട്.
വയറ് ഭാഗം കടിച്ചുതിന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. പുലിയുടെ ആക്രമണ രീതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരിക്കൽ പിടികൂടി ഭാഗികമായി തിന്ന ഇരയെ വീണ്ടും വന്ന് തിന്നുന്ന രീതി പുലികൾക്കില്ലെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം.
നിലമ്പൂർ അമരമ്പലം സൗത്ത് ആർ.ആർ.ടി.യിലെ എസ്.എഫ്.ഒ. എൻ.വി. രഞ്ജിത്ത്, ബി.എഫ്.ഒ. സജീഷ്, വാച്ചർമാരായ ഉണ്ണികൃഷ്ണൻ, നസീർ, പെരിന്തൽമണ്ണ ട്രോമാ കെയർ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി എന്നിവർ സ്ഥലത്തെത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
