
Perinthalmanna Radio
Date: 26-03-2026
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം പുറപ്പാടിന് ഈ അടുത്ത കാലത്തൊന്നും കാണാത്ത ഭക്തജനത്തിരക്കിനാണ് ഇന്നലെ ക്ഷേത്ര നഗരി സാക്ഷ്യം വഹിച്ചത്. അതിരാവിലെ മുതൽ തന്നെ അങ്ങാടിപ്പുറത്തെ ചെറുവഴികളെല്ലാം തിരുമാന്ധാംകുന്നിലേക്കുള്ളതായിരുന്നു. തിരക്ക് പരിഗണിച്ച് അതിരാവിലെ മുതൽ ഭക്തർക്ക് വരി നിൽക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു. എന്നിട്ടും ഭക്തരുടെ വരി ദേശീയപാത വരെയെത്തി. ആറാട്ടെഴുന്നള്ളത്തിന്റെ സമയത്ത് ക്ഷേത്ര നഗരി ജനസാഗരമായി. അങ്ങാടിപ്പുറത്തെ ക്ഷേത്രങ്ങളിൽ രാവിലെ പൂജാ സമയങ്ങളിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു.
രാവിലെ മലയരാജാവ് കലംപറമ്പിൽ ഗോപാലകൃഷ്ണൻ ആണ്ടിപൂതങ്ങളുടെ അകമ്പടിയിൽ എത്തി പൂക്കുട സമർപ്പിച്ചു മടങ്ങി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ പൂക്കുട ഏറ്റുവാങ്ങി വലിയ നടപ്പന്തലിലെ കാലിൽ സ്ഥാപിച്ചു. മുൻ മലയസ്ഥാനി കലംപറമ്പിൽ ബാലന്റെ മകൾ സുജിത ബാലൻ, മരുമകൻ ദിനേശ് മണ്ണാർമല, കെ.പി.പരമേശ്വരൻ, കെ.പി.ചന്ദ്രൻ, കെ.പി.ദാസൻ, കെ.പി.സുനിൽ, കെ.പി.ഉദയകുമാർ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
പൂരത്തോടനുബന്ധിച്ച് ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ മെഡിക്കൽ ക്യാംപ് തുടങ്ങി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അസി.മാനേജർ എ.എൻ.ശിവപ്രസാദ്, കെ.ടി.അനിൽകുമാർ, ഡോ.ഇ.സഞ്ജീവ്, വി.പി.ആസിഫ്, ടി.മൂസക്കുട്ടി, സി.മണികണ്ഠൻ, പിആർഒ പ്രമീള എന്നിവർ പ്രസംഗിച്ചു. പൂരനാളുകളിൽ മുഴുവൻ സമയവും സൗജന്യ മെഡിക്കൽ സേവനം ലഭിക്കും. പ്രാഥമിക പരിശോധനയും മരുന്നും ക്യാംപിൽ സൗജന്യമായി ഒരുക്കിയിട്ടുണ്ട്. പൂരനഗരിയിൽ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കർശനമായ നിരീക്ഷണവും പരിശോധനയും നഗരിയിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി ഇന്നലെ പൂരനഗരിയിലെത്തി. ഭക്തജനങ്ങളുമായി ആശയ വിനിമയം നടത്തി.
എൻഡിഎ സ്ഥാനാർഥി ലിജോയ് പോൾ അങ്ങാടിപ്പുറം പഞ്ചായത്തിലെ പര്യടനത്തിനിടെ രാവിലെ തിരുമാന്ധാംകുന്ന് പൂര നഗരിയിലെത്തി. ഭക്തജനങ്ങളോട് വോട്ട് അഭ്യർഥിച്ചു. പൂരപ്പറമ്പിൽ സേവാഭാരതി നടത്തുന്ന സംഭാര വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബി.രതീഷ്, മങ്കട നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് ഏലായിൽ, കൊളത്തൂർ മണ്ഡലം പ്രസിഡന്റ് സി.കെ.രാജേഷ്, മഹിളാ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം വസന്ത അങ്ങാടിപ്പുറം, എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
