ഇനി ക്രിക്കറ്റ് പൂരം; ഐ.പി.എൽ സീസണിന് ഇന്ന് തുടക്കം

Share to


Perinthalmanna Radio
Date: 28-03-2026

ബംഗളൂരു: 17 വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) കഴിഞ്ഞതവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു. ഐ.പി.എല്ലിന്റെ 19ാം സീസണിൽ അവരുടെ ആദ്യ എതിരാളി സൺറൈസേഴ്സ് ഹൈദരാബാദ്.

ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 64 സിവസങ്ങൾക്കും 73 മത്സരങ്ങൾക്കും ശേഷം ഫൈനലിനും ആതിഥ്യംവഹിക്കുക ചിന്നസ്വാമി സ്റ്റേഡിയംതന്നെയാവും. ചിന്നസ്വാമി സ്റ്റേഡിയത്തിനിത് വൈകാരിക മത്സരമാവും. കഴിഞ്ഞതവണ ചാമ്പ്യന്മാരായ ബംഗളൂരു ടീമിന്റെ വിജയാഘോഷങ്ങൾക്കിടെ ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുണ്ടായ തിക്കിലും തിരക്കിലും 11 ആരാധകർ മരിച്ചിരുന്നു.

ഇതോടെ ഇനി ഇവിടെ ഐ.പി.എൽ അടക്കം വൻ മത്സരങ്ങൾ ഒന്നും നടക്കാനിടയില്ല എന്ന അവസ്ഥയിൽനിന്നാണിപ്പോൾ ഐ.പി.എല്ലിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ തിരിച്ചെത്തുന്നത്. അന്ന് മരിച്ചവരോടുള്ള ആദര സൂചകമായി സ്റ്റേഡിയത്തിലെ 11 ഇരിപ്പിടങ്ങൾ ഒഴിച്ചിടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷനും ഐ.പി.എല്ലിലെ തങ്ങളുടെ മത്സരങ്ങൾക്കു മുമ്പുള്ള പരിശീലനത്തിനിറങ്ങുമ്പോൾ കളിക്കാരെല്ലാം 11 നമ്പർ ജഴ്സി ധരിക്കുമെന്ന് റോയൽ ചലഞ്ചേഴ്സും വ്യക്തമാക്കിയിട്ടുണ്ട്.

19ാം സീസണിന് തുടക്കമാവുമ്പോൾ ഒന്നിനൊന്ന് കരുത്തരായ 10 കളി സംഘങ്ങളാണ് ഐ.പി.എല്ലിന്റെ സമ്മോഹന ട്രോഫി ലക്ഷ്യമിട്ട് അങ്കത്തട്ടിലിറങ്ങുന്നത്. അഞ്ചുതവണ വീതം ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, മൂന്നുവട്ടം ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഓരോ തവണ ജേതാക്കളായ സൺറൈസേഴ്സ് ഹൈദരാബാദ്, ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കൊപ്പം ഇതുവരെ കിരീടഭാഗ്യമില്ലാതിരുന്ന പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്റ്സ് ടീമുകളാണ് പോരിനിറങ്ങുക.

കാലമേറെയായിട്ടും കരുത്തും പകിട്ടും ചോരാതെ നിൽക്കുന്ന മഹന്ദ്രേ സിങ് ധോണിയും വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഇത്തവണയും ഐ.പി.എല്ലിനുണ്ടെന്നത് ആരാധകരുടെ ആവേശം വർധിപ്പിക്കുന്ന കാഴ്ചയാണ്. ഓരോ സീസണും തന്റെ അവസാനത്തേതാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്ത തവണയും വീര്യം ചോരാതെയെത്തുന്ന ധോണിക്കൊപ്പം തങ്ങളുടെ ടീമുകളുടെ പ്രധാന താരങ്ങളായിത്തന്നെയാണ് വിരാടും രോഹിത്തും ഇത്തവണയും കളത്തിലിറങ്ങുന്നത്.

രാജസ്ഥാൻ റോയൽസുമായുള്ള ഏറെക്കാലത്തെ ബന്ധമവസാനിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തുമ്പോൾ ചെന്നൈ ആരാധകർക്കൊപ്പം സഞ്ജുവിനെ സ്നേഹിക്കുന്ന മലയാളികളും ആവേശത്തിലാണ്. ട്വന്റി20 ലോകകപ്പിൽ അസാമാന്യ പ്രകടന മികവുമായി സഞ്ജു താരമായി മാറുകയുംകൂടി ചെയ്തതോടെ ആവേശം പരകോടിയിലെത്തിക്കഴിഞ്ഞു.

എല്ലാ തവണത്തെയും പോലെ ഈ സീസണിലും ആരാധകർ പ്രതീക്ഷയോടെ കാണുന്ന നിരവധി പുതുതാരങ്ങൾ ഐ.പി.എല്ലിനെത്തുന്നുണ്ട്. ചെന്നൈയുടെ പ്രശാന്ത് വീർ, രാജസ്ഥാന്റെ കാർത്തിക് ശർമ, ഡൽഹിയുടെ ആഖിബ് നബി, ഗുജറാത്തിന്റെ അശോക് ശർമ, കൊൽക്കത്തയുടെ തേജസ്വി ദാഹിയ, ലഖ്നോയുടെ നമൻ തിവാരി, മുംബൈയുടെ എ.എം. ഗൻസഫർ, പഞ്ചാബിന്റെ മിച്ചൽ ഓവൻ, ബംഗളൂരുവിന്റെ ജേക്കബ് ബെഥൽ, ഹൈദരാബാദിന്റെ ശിവാങ് കുമാർ തുടങ്ങി നിരവധി പുത്തൻ പ്രതിഭകൾ അവസരം കാത്തിരിക്കുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *