
Perinthalmanna Radio
Date: 01-05-2024
പെരിന്തൽമണ്ണ : ലഹരിവിൽപ്പന എതിർത്തതിന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച അരക്കുപറമ്പ് മാട്ടറക്കൽ പിലാക്കാടൻ നിസാമുദ്ദീൻ (31) മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള കിഴിശേരി സൈതലവി (മണി-45) യുടെ സഹോദരൻ അരക്കുപറമ്പ് മാട്ടറക്കൽ നെല്ലിപ്പറമ്പ് കിഴിശേരി വീട്ടിൽ ഹസ്സൻ (55), സമീപവാസികളായ നെല്ലിപ്പറമ്പ് കാരാങ്കോടൻ അബൂബക്കർ സിദ്ദീഖ് (44), കളത്തിൽപ്പീടിക കൊച്ചിയിൽ മണത്തല വീട്ടിൽ സയ്യിദ് മുഹമ്മദ് അബൂബക്കർ (ഐദ്രൂസ്-28) എന്നിവരെയാണ് അറസ്റ്റുചെയ്ത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവാണ് തിങ്കളാഴ്ച രാത്രി അറസ്റ്റു രേഖപ്പെടുത്തിയത്.
സംഭവത്തിൽ നേരിട്ട് പങ്കുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. നിസാമുദീന്റെ തലയ്ക്കേറ്റ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ തലയുടെ പിന്നിലും വശങ്ങളിലുമായി ആഴത്തിലുള്ള മൂന്നോളം മുറിവുകൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട മരവടികളും പോലീസ് കണ്ടെടുത്തിരുന്നു. ചായക്കടയിലെ പാത്രം കഴുകുന്നിടത്തെ വീപ്പയിലെ വെള്ളത്തിൽനിന്ന് അറ്റം വളഞ്ഞതും മരത്തിന്റെ പിടിയില്ലാത്തതുമായ മടവാളും കണ്ടെത്തി. കീറിയ നിലയിലുള്ള ഷർട്ടും റോഡിന്റെ മറുഭാഗത്തുനിന്ന് കിട്ടി. കടയിലെ മേശയും സ്റ്റൂളും തകർന്ന നിലയിലായിരുന്നു. സംഭവത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി ഊർജിതമായി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ഒട്ടേറേ ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമുദീൻ ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഞായറാഴ്ച രാത്രി ഏഴോടെ സൈതലവിയുമായി വാക്കുതർക്കമുണ്ടായത്. കൊളത്തിൽ പീടികയിലെ കടയ്ക്കു സമീപത്തുവെച്ച് സൈതലവിയെ നിസാമുദ്ദീൻ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്നാണ് സഹോദരൻ ഹസ്സനും മറ്റുപ്രതികളും കണ്ടാലറിയാവുന്ന ചിലരും ചേർന്ന് നിസാമുദീനെ തടയുകയും തുടർന്ന് മർദനമുണ്ടാവുകയും ചെയ്തതെന്ന് പോലീസ് പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
