
Perinthalmanna Radio
Date: 26-06-2026
സംസ്ഥാനത്ത് മോട്ടോർവാഹനവകുപ്പിന്റെ എ.ഐ. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നത് 40 ശതമാനത്തിൽ താഴെമാത്രം. ഓരോ വർഷവും അടയ്ക്കുന്ന പിഴത്തുക കുറഞ്ഞുവരുന്നു.
റോഡിലെ നിയമലംഘനം കുറയ്ക്കാൻ 2023 ജൂൺ അഞ്ചിനാണ് സംസ്ഥാനത്ത് എ.ഐ. ക്യാമാറ സംവിധാനം തുടങ്ങിയത്. ഇതുവഴി ഈ വർഷം മേയ് 20-വരെ ആകെ 954.54 കോടി രൂപയാണ് പിഴയിട്ടത്. 2025 ഡിസംബർ 31 വരെ ചുമത്തിയ 824.08 കോടി രൂപ പിഴയിൽ അടച്ചത് 323.32 കോടി രൂപമാത്രം. ഈ വർഷം 19,17,338 കേസുകളിൽനിന്ന് 138.95 കോടി രൂപ പിഴചുമത്തി.
ആദ്യ വർഷത്തിൽ 252.50 കോടി രൂപ പിഴയിടുകയും 119.98 കോടി രൂപ (47 ശതമാനം) ഒടുക്കുകയും ചെയ്തു. 2024-ൽ 334.44 കോടി രൂപയുടെ നിയമലംഘനമുണ്ടായി. 136.32 കോടി രൂപയാണ് (40 ശതമാനം) അടച്ചത്. 2025-ൽ ആകെ 237.13 കോടി രൂപ പിഴയിട്ടതിൽ അടച്ചത് 67.01 കോടി രൂപ (28 ശതമാനം).
*പിഴയൊടുക്കാത്തത് എന്തുകൊണ്ട്*
* വാഹനത്തിന്റെ ഉടമസ്ഥത മാറ്റുമ്പോഴോ ഫിറ്റ്നസ് പരിശോധനയ്ക്ക് പോകുമ്പോഴോ ആണ് പിഴ അടയ്ക്കാത്തത് പ്രശ്‌നമാകുക. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷം കൂടുമ്പോഴാണ് പുതുക്കൽ. അതുവരെ നിയമതടസ്സമൊന്നുമില്ലാതെ വാഹനം ഉപയോഗിക്കാം.
* പിഴത്തുകയിൽ ഇളവുനൽകുന്ന അദാലത്തുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.
* പിഴ അടയ്ക്കാതിരുന്നാലും പലിശയോ മറ്റുചാർജുകളോ ഇല്ലാത്തത്.
* മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ തുടർ നടപടി ഉണ്ടാകുന്നില്ല.
*നടപടിക്രമം*
നിയമം ലംഘിച്ചതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ട് വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശമയക്കും. ഒരുമാസംവരെ ഓൺലൈൻ വഴി പണം അടയ്ക്കാം. വീഴ്ചവരുത്തിയാൽ വെർച്വൽ കോർട്ടിലേക്ക് മാറും. അവിടെയും ഒരുമാസത്തിനുള്ളിൽ ഓൺലൈനിൽ പണമടയ്ക്കാം. അതിലും വീഴ്ചയുണ്ടായാൽ സാധാരണ കോടതികളിലേക്ക് ഫയൽ മാറും.
*ക്യാമറയിൽ പതിയുന്നത്*
* ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാതിരിക്കുക, പുറകിൽ ഇരിക്കുന്നയാൾ ഹെൽമറ്റ് ഇടാതിരിക്കുക.
* ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്യുന്നത്.
* കാർയാത്രക്കാർ സീറ്റ് ബെൽറ്റ് ഇടാതിരിക്കുക.
* വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
