
Perinthalmanna Radio
Date: 17-04-2025
താഴേക്കോട്: ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായി വളരുന്ന ജില്ലാ അതിർത്തിയിലെ കരിങ്കല്ലത്താണിയിൽ ബസ്റ്റാൻഡും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ആലിപ്പറമ്പ്, ചെത്തല്ലൂർ, തൂത വാഴേങ്കട എന്നിവിടങ്ങളിൽ നിന്നുള്ള പൂവത്താണി റോഡും വെട്ടത്തൂർ ഭാഗത്തു നിന്നുള്ള അരക്കുപറമ്പ് റോഡും കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ സംഗമിക്കുന്നിടമാണ് കരിങ്കല്ലത്താണി. ദേശീയ പാതയിൽ മണ്ണാർക്കാട് ഭാഗത്തേക്ക് മാത്രമാണ് ബസ് കാത്തിരിപ്പു കേന്ദ്രമുള്ളത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്നിടത്ത് ബസ് കാത്തിരിപ്പു കേന്ദ്രമില്ല. ഇവിടെ പഴയ ടൗൺ ജുമാമസ്‌ജിദിനു മുൻപിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ആലിപ്പറമ്പ്, കാമ്പുറം, ചെത്തല്ലൂർ, തൂത, വാഴേങ്കട, ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോകുന്ന പൂവത്താണി റോഡിലും വെട്ടത്തൂർ ഭാഗത്തേക്കുള്ള അരക്കുപറമ്പ് റോഡിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ഇവിടങ്ങളിൽ അതത് റോഡുകളിൽ വെയിലും മഴയും സഹിച്ചാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കായി പട്ടണത്തിൽ എ lത്തുന്നവർക്കും ദൂര യാത്രക്കഴിഞ്ഞ് കരിങ്കല്ലത്താണിയിൽ ബസ് ഇറങ്ങുന്നവർക്കും ടൗണിലെ ഓട്ടോ- ടാക്സി ജീവനക്കാർക്കും പൊതു ശൗചാലയമില്ലാത്തതും ദുരിതമാകുകയാണ്. ഹോട്ടലുകളിലെയും പഴയ ടൗൺ ജുമാമസ്‌ജിദിലെയും ശൗചാലയങ്ങളെയാണ് ആശ്രയിക്കുന്നത്. പൂവത്താണി, അരക്കുപറമ്പ് റോഡുകളുടെ വീതി കുറവുകാരണം സൗകര്യപ്രദമായ ബസ്കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കുക എന്നത് പ്രയോഗികമല്ല. ദേശീയപാതയിലും ശൗചാലയ നിർമാണത്തിന് സ്ഥലം ലഭിക്കില്ല. ടൗണിന് സമീപം ദേശീയ പാതയോരത്ത് ബസ്റ്റാൻഡ് നിർമിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ജങ്ഷന് സമീപത്തെ ബസ്സ്റ്റോപ്പുകളിലേക്ക് ദേശീയപാത മുറിച്ചുക്കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾക്ക് ബസ്റ്റാൻഡ് പരിഹാരമാകും. സ്റ്റാൻഡിൽ ശൗചാലയം, വിശ്രമകേന്ദ്രം, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാം. ജങ്ഷൻ കേന്ദ്രീകരിച്ചുള്ള യാത്രക്കാരുടെ തിരക്കും വാഹനപാർക്കിങ്ങും ഒഴിവാക്കാനാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
