കെഎസ്ആർടിസി സൗജന്യയാത്ര: ജില്ലയിൽ കൂടുതൽ നേട്ടം പെരിന്തൽമണ്ണയ്ക്ക്

Share to


Perinthalmanna Radio
Date: 13-06-2026

പെരിന്തൽമണ്ണ: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയിലൂടെ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ നേട്ടം പെരിന്തൽമണ്ണയ്ക്ക്. മലബാറിലെ ടൗൺ ടു ടൗൺ (ടിടി) സർവീസുകൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തരവിറങ്ങിയതോടെയാണ് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുള്ള ഭൂരിഭാഗം ബസുകളിലും യാത്രാ സൗജന്യമൊരുങ്ങിയത്. പെരിന്തൽമണ്ണയിൽ നിന്ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് സർവീസ് നടത്തുന്ന ടൗൺ ടു ടൗൺ ബസുകളിൽക്കൂടി സൗജന്യം അനുവദിച്ചതോടെ ജില്ലയിലെ വനിതകൾക്ക് അന്തർസംസ്ഥാന യാത്രയും ഇനി പൂർണ്ണമായും സൗജന്യമാകും. ഇത് അതിർത്തി കടന്ന് യാത്ര ചെയ്യുന്ന തമിഴ്നാട്ടിൽ നിന്നുള്ള വനിതകൾക്കും ഏറെ ഉപകാരപ്പെടും.

മലപ്പുറം ജില്ലയിലെ നാല് ഡിപ്പോകളിലായി ആകെ 136 സർവീസുകളുള്ളതിൽ 86 എണ്ണത്തിലാണ് യാത്രാസൗജന്യം ലഭിക്കുക. ജില്ലയിൽ ആകെ 63.23% സർവീസുകളിലും തിങ്കളാഴ്ച മുതൽ സീറോ ചാർജ് ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ, ഇതിൽ ഏറ്റവും കൂടുതൽ സർവീസുകളുമായി പെരിന്തൽമണ്ണ ഡിപ്പോയാണ് മുന്നിൽ നിൽക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയിലെ ആകെ 37 സർവീസുകളിൽ 23 എണ്ണത്തിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. ജില്ലയിലെ മറ്റ് ഡിപ്പോകളായ മലപ്പുറത്ത് 34-ൽ 23-ഉം, പൊന്നാനിയിൽ 31-ൽ 22-ഉം, നിലമ്പൂരിൽ 34-ൽ 18-ഉം സർവീസുകളിലാണ് സൗജന്യമുള്ളത്.

ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിക്കാനുള്ള ആദ്യ തീരുമാനം മലബാറിലെ യാത്രക്കാർക്ക് തിരിച്ചടിയാകുമെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. എന്നാൽ ടൗൺ ടു ടൗൺ സർവീസുകൾ കൂടി പ്രിയദർശിനി പദ്ധതിയുടെ ഭാഗമാക്കിയതോടെ ഈ പരാതി പരിഹരിക്കപ്പെട്ടു. മുൻപ് ടിടി സർവീസുകളിൽ വിദ്യാർത്ഥികൾക്ക് പോലും യാത്രാ സൗജന്യം ഉണ്ടായിരുന്നില്ലെങ്കിലും, പുതിയ ഉത്തരവോടെ വിദ്യാർത്ഥിനികൾക്കും ഇനി ടൗൺ ടു ടൗൺ ബസുകളിൽ പണം നൽകാതെ യാത്ര ചെയ്യാം.

പെരിന്തൽമണ്ണ വഴി കടന്നു പോകുന്ന കോഴിക്കോട് – പാലക്കാട്, ഗുരുവായൂർ – കോഴിക്കോട്, പൊന്നാനി – പാലക്കാട്, മഞ്ചേരി വഴിയുള്ള താമരശ്ശേരി – പാലക്കാട് തുടങ്ങിയ ഒട്ടേറെ പ്രധാന ടിടി സർവീസുകളിൽ സൗജന്യം ലഭിക്കുന്നത് ഈ റൂട്ടുകളിലെ സ്ഥിരം വനിതാ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഇതിന് പുറമെ, തൃശൂർ, വയനാട് ഡിപ്പോകളിൽ നിന്ന് നാടുകാണി ചുരം വഴി സർവീസ് നടത്തുന്ന സുൽത്താൻ ബത്തേരി, കൽപ്പറ്റ ബസുകളിലും പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള ജില്ലക്കാർക്ക് അന്തർസംസ്ഥാന സൗജന്യയാത്ര നടത്താൻ സാധിക്കും.

പ്രിയദർശിനി പദ്ധതിയുടെ തുടക്കം ജില്ലയിലാകെ ആഘോഷമാക്കാനാണ് യുഡിഎഫ് പ്രവർത്തകരുടെയും കെഎസ്ആർടിസിയിലെ യുഡിഎഫ് അനുകൂല സംഘടനകളുടെയും തീരുമാനം. പെരിന്തൽമണ്ണ ഉൾപ്പെടെ ജില്ലയിലെ 16 മണ്ഡലങ്ങളിലും പദ്ധതിയുടെ ഉദ്ഘാടനവും ബസുകൾക്ക് സ്വീകരണവും ഒരുക്കും. പെരിന്തൽമണ്ണയിലടക്കം മണ്ഡലങ്ങളിലെ അതത് എംഎൽഎമാരുടെ നേതൃത്വത്തിൽ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതടക്കമുള്ള വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *