
Perinthalmanna Radio
Date: 21-04-2025
അങ്ങാടിപ്പുറം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം തീർക്കാൻ പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച പണം തിരിച്ചു പിടിച്ചു കൊണ്ട് സർക്കാർ വൻ കൊള്ളയാണു നടത്തുന്നതെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ ആരോപിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിന് നൽകിയ ഫണ്ടിൽ നിന്ന് 14.01 കോടി രൂപയാണ് സർക്കാർ തിരിച്ചുപിടിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുകയും അവ ചെലവഴിക്കാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ജീവനക്കാരെ നൽകാതെ കഷ്ടപ്പെടുത്തുകയും ഒടുവിൽ ഫണ്ട് ചെലവഴിച്ചില്ല എന്ന കാരണം പറഞ്ഞ് തിരിച്ചുപിടിക്കുകയും ചെയ്യുന്ന തന്ത്രമാണ് സർക്കാർ നടത്തുന്നതെന്ന് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ എന്നിവർ പറഞ്ഞു.
2024 ഡിസംബറിൽ നൽകേണ്ട ഫണ്ട് കഴിഞ്ഞ മാർച്ച് മാസത്തിലാണ് സർക്കാർ നൽകിയത്. മാർച്ച് 31 വരെ ട്രഷറിയിൽ ബില്ലുകൾ സ്വീകരിക്കുന്നതിന് പകരം മാർച്ച് 26നു തന്നെ ബില്ലുകൾ സ്വീകരിക്കൽ നിർത്തിവയ്‌ക്കുകയും ചെയ്തു. മാർച്ച് 31നു മുൻപ് ഫണ്ട് ചെലവഴിച്ചു തീർക്കണം എന്ന നിബന്ധന വയ്‌ക്കുകയും ചെയ്തു.
ഈ സാമ്പത്തിക വർഷമാണ് പഞ്ചായത്തിലെ 17 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. സംസ്ഥാനത്തൊരിടത്തും ഇതുപോലെ 17 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലംമാറ്റിയ അനുഭവം ഉണ്ടായിട്ടില്ല. മാസങ്ങളോളം ഇവരുടെ തസ്തികകൾ ഒഴിഞ്ഞുകിടന്നു. എൻജിനീയറിങ് വിങ്ങിലെ ഓവർസീയർമാരുടെ ഒഴിവുകൾ വർഷങ്ങളായി നികത്താതെ കിടക്കുകയാണ്. നിരന്തരമായ ട്രഷറി നിയന്ത്രണം കാരണം സമർപ്പിക്കുന്ന ബില്ലുകൾ മാറിനൽകുന്നില്ല. ഇപ്രകാരം അനുവദിച്ച ഫണ്ട് ചെലവാക്കാൻ സർക്കാർ തന്നെ തടസ്സങ്ങൾ സൃഷ്ടിക്കുകയും മാർച്ച് 31 കഴിയുമ്പോൾ പഞ്ചായത്തിന്റെ അക്കൗണ്ടിലുള്ള പണമെല്ലാം തിരിച്ചെടുക്കുകയുമാണ് ചെയ്യുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇത് പ്രാദേശിക ഭരണകൂടങ്ങളെ അവഹേളിക്കലാണെന്നും ഇതിനെതിരെ ജനകീയ പ്രതിഷേധവും പ്രക്ഷോഭവും സംഘടിപ്പിക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിൽ ഇതേ രീതിയിൽ ഫണ്ട് കവർന്നെടുക്കുന്നതിന് പുറമേ ബജറ്റിൽ വാഗ്ദാനം ചെയ്ത ഫണ്ട് നൽകാതെ കബളിപ്പിക്കുകകൂടി ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
