അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം കട്ട പതിക്കൽ പൂർത്തിയായി

Share to


Perinthalmanna Radio
Date: 05-07-2025

പെരിന്തൽമണ്ണ:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിനു സമീപം പൂട്ടുകട്ട പതിക്കുന്ന പ്രവൃത്തി പൂർത്തിയായി. കട്ട ബലപ്പെടുത്തുന്നതിനായുള്ള വശങ്ങളിലെ കോൺക്രീറ്റിങ് ഉൾപ്പെടെ അവസാന മിനുക്കുപണികൾ മാത്രമാണ് ശേഷിക്കുന്നത്. പ്രവൃത്തി ആരംഭിച്ചതു മുതൽ ഇന്നലെ വരെയും ദേശീയപാത ഉദ്യോഗസ്ഥർ മേൽനോട്ടത്തിനായി സ്ഥലത്തുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ രാത്രി ഒൻപതു വരെ പ്രവൃത്തി നീണ്ടിരുന്നു.

ദേശീയ പാതയിൽ ഈ ഭാഗങ്ങളിലെ മണ്ണുമൂടി കിടക്കുന്ന അഴുക്കു ചാലുകളിലെ മണ്ണ് നീക്കുന്ന പ്രവൃത്തിയും യന്ത്രങ്ങളുടെ സഹായത്തോടെ നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കുന്ന സാഹചര്യത്തിൽ മേൽപാലത്തിനു താഴെയുള്ള സർവീസ് റോഡിന്റെ നവീകരണവും ദ്രുതഗതിയിലാണ്. അൽപാക്കുളത്തിനു സമീപം പാതയിലെ കുഴികളും അടച്ചു.

അധികൃതർ അറിയിച്ചതു പ്രകാരം മേൽപാലം വഴിയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം നാളെ പുനഃസ്ഥാപിക്കും. കട്ട പതിച്ച ഭാഗം ബലപ്പെടുന്നതിനും കട്ട ഇളകി നശിക്കാതിരിക്കാനുമായി വലിയ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം തുടരും. 11 മുതലാണ് പാതയിലെ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുക. അതേസമയം പല സമയങ്ങളിലായി പെരിന്തൽമണ്ണ ഭാഗത്തേക്കും തിരിച്ചും രോഗികളുമായെത്തിയ ആംബുലൻസുകൾക്ക് ഇന്നലെ പാത തുറന്നു നൽകി. മഞ്ഞളാംകുഴി അലി എംഎൽഎ സ്ഥലം സന്ദർശിച്ച് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.

ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് പദ്ധതി പാതിവഴിയിൽ സ്‌തംഭിച്ചതിന്റെ പേരിൽ സിപിഎമ്മും യുഡിഎഫും പരസ്‌പരം ആരോപണങ്ങളുമായി രംഗത്തെത്തി. ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് പദ്ധതി അട്ടിമറിച്ച് അങ്ങാടിപ്പുറത്ത് മിനി മേൽപാലമുണ്ടാക്കി സ്വന്തം താൽപര്യം സംരക്ഷിക്കുകയും ജനങ്ങളെ യാത്രാ ദുരിതത്തിലാക്കുകയും അങ്ങാടിപ്പുറത്തെ വ്യാപാരമേഖല പൂർണമായി തകർക്കുകയും ചെയ്‌തതിന്റെ ഉത്തരവാദിത്തം എംഎൽഎയ്‌ക്കാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. മേൽപാലം പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിച്ചതിനൊപ്പം ഓരാടംപാലം–മാനത്തുമംഗലം ബൈപാസിനു വേണ്ടി 9 വർഷമായി സംസ്ഥാനം ഭരിക്കുന്ന സിപിഎം ഒന്നും ചെയ്‌തില്ലെന്ന് യുഡിഎഫും ആരോപിക്കുന്നു. യുഡിഎഫിന് അടുത്ത ഭരണം ലഭിച്ചാൽ ബൈപാസ് പദ്ധതിക്ക് പ്രഥമ പരിഗണന നൽകുമെന്ന് എംഎൽഎ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *