
Perinthalmanna Radio
Date: 06-07-2025
അരക്കുപറമ്പ്: മരുതൻപാറ പട്ടികജാതി സദ്ഗ്രാമത്തിൽ കമ്യൂണിറ്റി സെന്റർ കെട്ടിടം നിർമാണത്തിലിരിക്കെ നിലംപൊത്തിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നജീബ് കാന്തപുരം എംഎൽഎ ആവശ്യപ്പെട്ടു. 2019-20 സാമ്പത്തിക വർഷം പട്ടികജാതി വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളോട് സർക്കാരിനുള്ള അവഗണനയുടെ തെളിവാണിത്. പട്ടികവിഭാഗങ്ങൾക്കായി നടപ്പാക്കുന്ന പല പദ്ധതികളും അവതാളത്തിലാണ്. ഇത്തരം പദ്ധതികളുടെ പ്രവർത്തനം പരിശോധിക്കാനോ വിലയിരുത്താനോ ആരും ഇല്ലാത്ത അവസ്ഥയാണുള്ളതെന്നും എംഎൽഎ പറഞ്ഞു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള നിർമിതി കേന്ദ്രമാണ് അംബേദ്കർ ഗ്രാമം പദ്ധതി പോലെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മരുതൻപാറയിൽ തകർന്ന കെട്ടിടത്തിന്റെ പണി 2020ൽ ആരംഭിച്ചതാണ്. അഞ്ചു വർഷമായിട്ടും ഇത് പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഇതിനായി പലതവണ യോഗങ്ങൾ വിളിച്ചുചേർത്ത് വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതാണ്. ഈ കെട്ടിടത്തിന്റെ നിർമാണത്തിൽ വലിയ അഴിമതി നടന്നതായി സംശയമുണ്ടെന്നും ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. നിർമിതി കേന്ദ്രവും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പോരായ്മകൾ മറച്ചുവയ്ക്കുന്നതിനും മന്ത്രിക്കെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനും വേണ്ടി മരുതൻപാറ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് എംഎൽഎക്കും യുഡിഎഫിനുമെതിരെ നടത്തുന്ന പ്രചാരണം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
മരുതംപാറ മുഹമ്മദലി ഹാജി, എൻ.അഷ്റഫ്, ടി.ടി.വിജയകുമാർ, കെ.എം.ഫത്താഹ്, വി.പി.സബാഹ്, കുഞ്ഞയമു ഹാജി, പഞ്ചായത്ത് അംഗം ബാലൻ മരുതൻപാറ തുടങ്ങിയവരും എംഎൽഎയുടെ കൂടെയുണ്ടായിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
