
Perinthalmanna Radio
Date: 22-09-2025
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ രണ്ടേക്കറോളം വരുന്ന ഭഗവതിക്കണ്ടമെന്ന നെൽപ്പാടത്ത് മിനിറ്റുകൾക്കകം ഞാറുനിറഞ്ഞു. തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഒരു ഞാറ്റുമുടിയെങ്കിലും സമർപ്പിക്കാനായി രാവിലെ എട്ടുമുതൽതന്നെ പാടത്ത് ഭക്തരെത്തി. രാവിലെ 9.30ന് പന്തീരടി പൂജയ്ക്കു ശേഷം നടീൽയജ്ഞം തുടങ്ങി. കൃഷി നടത്തിപ്പുകാരായ കളത്തുംചാളക്കൽ കുടുംബത്തിലെ മുതിർന്ന കർഷകൻ അയ്യപ്പൻ നിലവിളക്ക് കൊളുത്തി പാടവരമ്പത്ത് ഇളനീർ വെട്ടിയാടി ആദ്യ ഞാറ്റുമുടി ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാലിന് നൽകി. എക്സിക്യുട്ടീവ് ഓഫീസർ ഞാറ്റുമുടി കണ്ടത്തിൽ ഇറക്കിവെച്ചതോടെ യജ്ഞത്തിനു തുടക്കമായി.
തുടർന്ന് പാടവരമ്പത്ത് കാത്തുനിന്നിരുന്ന ഭക്തർ പാടത്തിറങ്ങി ഞാറുനടാൻ തുടങ്ങി. അസി. മാനേജർ എ.എൻ. ശിവപ്രസാദും ദേവസ്വം ജീവനക്കാരും പങ്കെടുത്തു.
പാറക്കടവിൽ കാലുകൾ ശുദ്ധിയാക്കി ദേവീദർശനം നടത്തി പ്രസാദഊട്ടിലും പങ്കെടുത്തശേഷമാണ് ഭക്തർ ക്ഷേത്രനട ഇറങ്ങിയത്.
യജ്ഞസമാപനത്തിന്റെ സന്തോഷത്താൽ ഭക്തർ പത്തുനടയ്ക്കുതാഴെ ചവിട്ടുകളി നടത്തി. ഭഗവതിക്ക് പ്രത്യേകം നിവേദിച്ച കൂട്ടുപായസവും പാരിതോഷികവും ദേവസ്വംവകയായി അവർക്കു നൽകി. മകരത്തിലാണ് ഈ കണ്ടത്തിലെ നെല്ല് കൊയ്തെടുക്കുന്നത്. ക്ഷേത്രത്തിലെ നിത്യനിവേദ്യങ്ങൾക്കായി ഇതിലെ അരി ഉപയോഗിക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
