മാലിന്യ നിര്‍മാര്‍ജനത്തിന് പുതുവഴി; അങ്ങാടിപ്പുറത്ത് കൗതുകമുണര്‍ത്തി “കുപ്പിയാന’

Share to


Perinthalmanna Radio
Date: 18-10-2025

അങ്ങാടിപ്പുറം : വലിച്ചെറിയുന്ന കുപ്പികൾ കൊണ്ട് ആനയുടെ ശിൽപം തീർത്ത് അങ്ങാടിപ്പുറം പഞ്ചായത്ത്. പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് ശുചിത്വ ശിൽപം പണിയുന്നതിനായി ഉപയോഗിച്ചത്. പഞ്ചായത്ത് പല സ്ഥലങ്ങളിലായി സ്ഥാപിച്ച 32 ബോട്ടിൽ ബൂത്തുകളിൽനിന്ന് ശേഖരിച്ചവയാണ് പ്ലാസ്റ്റിക് കുപ്പികൾ.

പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, കുപ്പിയാന ശിൽപം അനാഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ ആധ്യക്ഷ്യം വഹിച്ചു.സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽ ബാബു, ഫൗസിയ തവളേങ്ങൽ, സലീന താണിയൻ, അംഗങ്ങളായ പി.പി.ശിഹാബ്, അനിൽ പുലിപ്ര, ഷംസാദ് ബീഗം, കോറാടൻ റംല, എം.കെ.ഖദീജ, വാഹിദ, നാരായണൻ, സെക്രട്ടറി സുഹാസ് ലാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജബ്ബാർ, കില ആർപി ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു. ശിൽപം നിർമിച്ച വളാഞ്ചേരി സ്വദേശി ഹംസക്കുട്ടിയെ ചടങ്ങിൽ ആദരിച്ചു.

മാലിന്യനിർമാർജനത്തിന്റെ ഭാഗമായി അഴകുള്ള അങ്ങാടിപ്പുറം എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികളുടെ ഭാഗമായാണ് ശുചിത്വശിൽപം സ്ഥാപിച്ചത്. കുപ്പിയാനയെന്ന കൗതുകക്കാഴ്ച കാണാൻ ജനങ്ങളുടെ തിരക്കാണ്.

തെരുവിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നം ഇത്തരം കൗതുകശിൽപങ്ങളിലൂടെ പരിഹരിക്കാമെന്ന സന്ദേശമാണ് ശിൽപത്തിലൂടെ നൽകുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. കുപ്പിയാന സാമൂഹിക മാധ്യമങ്ങളിലും തരംഗമായിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *