
Perinthalmanna Radio
Date: 18-10-2025
പെരിന്തൽമണ്ണ : നഗരസഭയായത് മുതൽ ഇടതു പക്ഷത്തെ തുണച്ചു വരുന്ന പെരിന്തൽമണ്ണയിൽ വാർഡ് സംവരണ നറുക്കെടുപ്പ് കഴിഞ്ഞതോടെ ഇരു മുന്നണികളും തെരഞ്ഞെടുപ്പ് പ്രാരംഭ ഒരുക്കത്തിലേക്ക് കടന്നു. അവസാനവട്ട വോട്ടു ചേർക്കലും ഹിയറിങും നടക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ഇതിലായിരുന്നു ഇരു മുന്നണികളുടെയും ശ്രദ്ധ. സ്ഥാനാർഥി നിർണയവും തീരുമാനങ്ങളും സങ്കീർണമാവാതെ തീർക്കാനാണ് യു.ഡി.എഫ് ക്യാമ്പിന്റെ ശ്രമം. വാർഡുകളുടെ എണ്ണം 34ൽ നിന്ന് 37 ആയിട്ടുണ്ട്. മുൻ വർഷം യു.ഡി.എഫിൽ 34 വാർഡിൽ 17 വീതം സീറ്റിലാണ് ലീഗും കോൺഗ്രസും മത്സരിച്ചത്. ഇത്തവണ വർധിച്ച മൂന്നു സീറ്റിൽ ഒരു സീറ്റ് കോൺഗ്രസ് ആവശ്യപ്പെടും. സീറ്റുകളുടെയും സ്ഥാനാർഥികളുടെയും കാര്യത്തിൽ ഇത്തവ കോൺഗ്രസ് ഫോക്കസ് ചെയ്യുക വിജയം എന്ന ഏക ഘടകമാണ്. എൽ.ഡി.എഫിന് 21ഉം യു.ഡി.എഫിന് 13 ഉം സീറ്റിലായിരുന്നു മുൻ വർഷം വിജയം.
കോൺഗ്രസിന് വിട്ട് നൽകിയ 17ൽ ഏഴു വാർഡിൽ വിജയിച്ചു. ലീഗിൽ പ്രാദേശിക തലത്തിൽ നിലനിന്ന തർക്കങ്ങൾ പരമാവധി തീർത്ത് തെരഞ്ഞെടുപ്പിനെ നേരിടാനാണ് നേതൃത്വത്തിന്റെ ശ്രമം. സീറ്റ് ധാരണയിലേക്ക് കടന്നില്ലെങ്കിലും സ്ഥാനാർഥികളെ അനൗദ്യോഗികമായി കണ്ടെത്തുന്ന ചർച്ചകളും ആലോചനകളും പുരോഗമിക്കുകയാണ്. അധ്യക്ഷ സ്ഥാനം സംബന്ധിച്ച സംവരണ നറുക്കെടുപ്പ് കൂടി കാത്തിരിക്കുകയാണ് ഇരു മുന്നണികളും.
എൽ.ഡി.ഫിൽ മുൻ വർഷം ഘടകക്ഷികൾക്ക് ആർക്കും സീറ്റ് നൽകിയിട്ടില്ല. സി.പി.എം സ്ഥാനാർഥികളും പാർട്ടി സ്വതന്ത്രരുമാണ് മത്സരിച്ചത്. ഇത്തവണയും അതിനാണ് സാധ്യത. നഗരസഭ അധ്യക്ഷ പദത്തിനുള്ള നറുക്കെടുപ്പ് കൂടി കഴിഞ്ഞേ സി.പി.എം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കൂ. എസ്. സി ജനറലാണ് നിലവിൽ പെരിന്തൽമണ്ണയിൽ അധ്യക്ഷപദം. ഒരുക്കങ്ങളുടെ ഭാഗമായി ബ്രാഞ്ച് തലങ്ങളിൽ ഊർജിത പ്രവർത്തനങ്ങളുണ്ട്.
ബ്രാഞ്ചുകളിൽ നിന്ന് നിർദ്ദേശിക്കുന്ന സ്ഥാനാർഥി പട്ടിക ലോക്കൽ കമ്മിറ്റികൾ പരിശോധിച്ച് ഏരിയ കമ്മിറ്റി അന്തിമ അംഗീകാരം നൽകുന്നതാണ് സി.പി.എം രീതി. നഗരസഭയിലെ വികസന നേട്ടങ്ങൾ എൽ.ഡി.എഫും ഭരണ വൈകല്യങ്ങൾ യു.ഡി.എഫും ജനങ്ങൾക്ക് മുമ്പിൽ നിരത്തും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
