
Perinthalmanna Radio
Date: 20-10-2025
കൊളത്തൂർ: മാറ്റിയിട്ടും മാറ്റിയിട്ടും മാറാത്ത തൊണ്ടി വാഹനക്കൂമ്പാരം കൊളത്തൂരിൽ നാട്ടുകാർക്കു ദുരിതമായി. പൊലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങളാണ് കൊളത്തൂർ–പാങ്ങ് റോഡിൽ ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, ജനവാസ മേഖലയിൽ ദ്രവിച്ച് കുന്നുകൂടിക്കിടക്കുന്നത്. മുൻപ് പൊലീസ് സ്റ്റേഷൻ പരിസരത്തെ പ്രധാന റോഡുകളുടെ ഇരുവശത്തുമായി നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് വർഷങ്ങൾക്കു മുൻപ് ഇവിടേക്കു മാറ്റിയത്.
ഉടൻ നീക്കുമെന്ന ഉറപ്പിലായിരുന്നു അന്ന് താൽക്കാലികമായി വാഹനങ്ങൾ എത്തിച്ചത്. പിന്നീട് വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവന്നു. കുറേയേറെ വാഹനങ്ങൾ പല ഘട്ടങ്ങളിലായി ലേലം ചെയ്തെങ്കിലും ശേഷിച്ചവ കാടുമൂടി അങ്ങിങ്ങായി കിടക്കുകയാണ്. ചുറ്റുമതിൽ പോലുമില്ലാത്ത ഈ സ്ഥലത്തിന്റെ നാലുവശവും ജനവാസ കേന്ദ്രമാണ്. സമീപത്ത് പ്രധാന ക്ഷേത്രവുമുണ്ട്. കാടുമൂടിയ സ്ഥലമിപ്പോൾ സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കുറുക്കന്മാരുടെയുമൊക്കെ വിഹാരസ്ഥലമാണ്. സമീപത്തെ വീടുകൾക്ക് ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും ശല്യം വലിയ തോതിലുണ്ട്. പരിസരവാസികൾക്ക് ജീവിതം പൊറുതിമുട്ടിയ നിലയിലാണ്. വിഷപ്പാമ്പുകൾ വീടുകളിലെത്തുന്നത് ഇവിടെ പതിവു സംഭവമാണ്. താമസിക്കാൻ ബുദ്ധിമുട്ട് മൂലം വീട് വിറ്റുപോയവരും ഇവിടെയുണ്ട്.
തൊണ്ടിവാഹനങ്ങൾ നീക്കി ഇവിടം കളിക്കളമായോ കുട്ടികൾക്കുള്ള പാർക്കായോ ഉപയോഗപ്പെടുത്തിയാൽ നാട്ടുകാർക്ക് ആശ്വാസമാകും ഒരു കിലോമീറ്റർ അകലെയുള്ള ആയിരക്കണക്കിനു വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലേക്ക് ഇതുവഴി നൂറുകണക്കിന് വിദ്യാർഥികൾ നടന്നുപോകുന്നതാണ്. ഏറെ ഭീതിയോടെയാണ് ആളുകൾ ഇതുവഴി കടന്നുപോകുന്നത്. പരിസര പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്ന സാഹചര്യവും ഉണ്ട്. അധികൃത കേന്ദ്രങ്ങൾക്കെല്ലാം പലതവണ നിവേദനങ്ങൾ നൽകിയിട്ടും പരിഹാരമില്ലാത്തതിൽ നാട്ടുകാർക്കു കടുത്ത പ്രതിഷേധമുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
