
Perinthalmanna Radio
Date: 23-10-2025
പട്ടിക്കാട് : ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാതയിലെ ശാന്തപുരം കാഞ്ഞിരപ്പള്ളി ഭാഗത്ത് അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ കൂട്ടായ്മ രംഗത്ത്. ദിനംപ്രതി നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും കാൽനടയായി പോകുന്ന ഈ ഭാഗത്തെ നടവഴി റെയിൽവേ അടച്ചതോടെയാണ് അടിപ്പാതയെന്ന ആവശ്യം ശക്തമായത്. നടവഴി തുറന്നു കൊടുക്കുകയോ അടിപ്പാത നിർമിക്കുകയോ ചെയ്ത് തങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്താൻ റെയിൽവേ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ അവശ്യം.
റെയിൽപ്പാതയുടെ പടിഞ്ഞാറുഭാഗത്ത് ശാന്തപുരം അൽ ജാമിഅ, ശാന്തപുരം ഹയർസെക്കൻഡറി സ്‌കൂൾ, മുള്ള്യാകുർശ്ശി എൽപി, യുപി സ്‌കൂളുകൾ, പാലിയേറ്റീവ് കെയർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും കിഴക്ക് ഭാഗത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജ്, പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ചുങ്കം എൽപി സ്‌കൂൾ, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഇവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും ജീവനക്കാരും കാൽനടയായി പോകുന്ന വഴിയാണിപ്പോൾ റെയിൽവേ പൂർണമായും അടച്ചിരിക്കുന്നത്.
കൂടാതെ കൂട്ടിൽ, ചേരിയം, വലമ്പൂർ, മുള്ള്യാകുർശ്ശി, കൊക്കാട് പ്രദേശങ്ങളിൽനിന്നുള്ള ആളുകൾ റെയിൽപ്പാത വരുന്നതിനുമുൻപുതന്നെ എളുപ്പത്തിൽ വിവിധ ആവശ്യങ്ങൾക്കായി പട്ടിക്കാട് ചുങ്കത്തേക്കും മറ്റും കാൽനടയായി നടന്നു പോയിരുന്ന വഴി കൂടിയാണിത്. പാളം മുറിച്ചുകടക്കാൻ റെയിൽവേയുടെ അനുമതി പ്രകാരം നാട്ടുകാർ നിർമ്മിച്ചിരുന്ന സ്റ്റെപ്പുകളും അടുത്ത കാലത്തായി റെയിൽവേ പൊളിച്ചു നീക്കിയിരുന്നു.
ഇപ്പോൾ വളരെ പ്രയാസപ്പെട്ടാണ് ആളുകൾ പാളം മുറിച്ചു കടക്കുന്നത്. പ്രശ്ന പരിഹാരത്തിനുള്ള തുടർ നടപടികളുമായി മുന്നോട്ടുപോകാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
