ജില്ലയിലെ തെരുവുനായ ആക്രമണം; നഷ്ട പരിഹാരത്തിന് 56 അപേക്ഷകൾ

Share to


Perinthalmanna Radio
Date: 24-10-2025

മലപ്പുറം: തെരുവുനായ ആക്രമണം മൂലമുണ്ടായ അപകടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനു ജില്ലയിൽ ആദ്യമായി പരിഗണിച്ചത് 56 അപേക്ഷകൾ. സ്ട്രേ ഡോഗ് വിക്ടിംസ് കോംപൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റിയുടെ മഞ്ചേരിയിൽ നടന്ന ആദ്യ സിറ്റിങ്ങിലാണ് പരാതികൾ പരിഗണിച്ചത്. നഷ്ടപരിഹാരം നൽകുന്നതിനു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേന സർക്കാരിനു ശുപാർശ ചെയ്യും.

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുൻപാകെ 283 ഹർജികളാണ് ജില്ലയിൽ നിന്നു ലഭിച്ചത്. ഇവ നിയമ സേവന അതോറിറ്റിയുടെ പരിഗണനയ്ക്കായി കൈമാറുകയായിരുന്നു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി ചെയർപഴ്സൻ, ജില്ലാ മെഡിക്കൽ ഓഫിസർ, തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ എന്നിവർ അംഗങ്ങളായാണ് കമ്മിറ്റി. തെരുവുനായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം തീരുമാനിക്കുന്നത് ഈ കമ്മിറ്റിയാണ്. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരിക്കും എതിർകക്ഷി. ഹർജിക്കാരന്റെയും എതിർകക്ഷിയുടെയും വാദം കേട്ട ശേഷമാണ് നഷ്ട പരിഹാരത്തിന് അർഹമാണോ അല്ലയോ എന്നു തീരുമാനിക്കുക.

തെരുവുനായയുടെ കടിയേറ്റുണ്ടാകുന്ന പരുക്കിന്റെ തോത് അനുസരിച്ചായിരിക്കും നഷ്ടപരിഹാരം. തെരുവുനായ ആക്രമണമുണ്ടായലാൽ മഞ്ചേരിയിലെ ജില്ലാ നിയമ സേവന അതോറിറ്റി, ഏറനാട് താലൂക്ക് നിയമ സേവന കമ്മിറ്റി എന്നിവിടങ്ങളിൽ പരാതി നൽകാം. അടുത്ത മാസം 25ന് വീണ്ടും സിറ്റിങ് നടക്കും. സിറ്റിങ്ങിൽ അതോറിറ്റി സെക്രട്ടറി എം.ഷാബിർ ഇബ്രാഹിം, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക, തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഡോ.സക്കരിയ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *