
Perinthalmanna Radio
Date: 31-10-2025
കൊളത്തൂർ: ദുരിതമായി മാറിയ തൊണ്ടിവാഹനങ്ങൾ ഒന്നിച്ചുകൂട്ടി അധികൃതരുടെ ആശ്വാസ നടപടി. കൊളത്തൂർ- പാങ്ങ് റോഡിനോട് ചേർന്ന് ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചിതറിക്കിടന്ന് കാടുമൂടിയ തൊണ്ടി വാഹനങ്ങളാണ് സ്ഥലത്തിന്റെ ഒരു വശത്തായി ഒന്നിച്ചുകൂട്ടിയത്. മുൻപ് പൊലീസ് സ്‌റ്റേഷൻ പരിസരത്തെ റോഡരികിൽ പൊലീസ് പിടികൂടിയിട്ട തൊണ്ടി വാഹനങ്ങളെല്ലാം ഇവിടേക്ക് മാറ്റിയതോടെയാണ് നാട്ടുകാരുടെ ദുരിതം തുടങ്ങിയത്.
ജില്ലയിലെ മറ്റു പലയിടങ്ങളിലും ജനവാസ മേഖലയിൽ ദുരിതമായി കിടന്ന തൊണ്ടി വാഹനങ്ങളെല്ലാം നീക്കം ചെയ്യുകയോ ലേലം ചെയ്യുകയോ ചെയ്തെങ്കിലും ഇവിടെമാത്രം കാടുമൂടി ദ്രവിച്ച് ഉപയോഗ ശൂന്യമായ നിലയിൽ പരിസരവാസികൾക്ക് ഭീഷണിയുയർത്തി കിടക്കുകയായിരുന്നു. ചുറ്റുമതിൽ പോലുമില്ലാത്ത ഈ സ്ഥലത്തിന്റെ നാലു വശങ്ങളിലും ഏറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രശസ്‌തമായ വയമ്പറ്റ വിഷ്‌ണു ക്ഷേത്രം ഇതിനു സമീപത്താണ്. ഇവിടെ നിന്നെത്തുന്ന ഇഴജന്തുക്കൾ സമീപവാസികൾക്ക് ഭീഷണിയാണ്. അടുക്കളകളിലും കിടപ്പറകളിലും വരെ ഇഴജന്തുക്കൾ അരിച്ചെത്തുന്നു. തെരുവുനായ്‌ക്കളുടെയും കുറുക്കന്മാരുടെയും സാമൂഹിക വിരുദ്ധരുടെയുമെല്ലാം താവളമായി ഈ തൊണ്ടിവാഹനക്കാട് മാറിയതോടെ ഇതുവഴി ആളുകൾക്ക് നടക്കാൻ പോലും ഭയപ്പെടുകയാണ്. ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സ്‌കൂളിലേക്കും മദ്രസകളിലേക്കും നൂറുകണക്കിന് വിദ്യാർഥികൾ നടന്നുപോകുന്ന വഴിയുമാണിത്.
ഇനിയും പരിഹാരം ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന നാട്ടുകാരുടെ തീരുമാനത്തിനിടെയാണ് മൂർക്കനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിതറിക്കിടക്കുന്ന തൊണ്ടിവാഹനങ്ങളെല്ലാം താൽക്കാലികാശ്വാസമായി മധ്യഭാഗത്തേക്ക് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുന്നത്. ഇതിനൊപ്പം നാട്ടുകാർ ഒന്നിച്ചുകൂടി പ്രദേശത്തെ പ്ലാസ്‌റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്‌തു. അതേസമയം താൽക്കാലിക നടപടികൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും ശാശ്വത പരിഹാരമായി തൊണ്ടിവാഹനങ്ങൾ പൂർണമായി ഇവിടെനിന്ന് നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ നിലപാട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
