
Perinthalmanna Radio
Date: 15-11-2025
പെരിന്തൽമണ്ണ: പത്രിക സമർപ്പണത്തിലേക്ക് കടന്നിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാവാതെ മുന്നണികളുടെ മാരത്തൺ ചർച്ചകൾ.
അന്തിമ ചർച്ചയിൽ ചില ഘടകക്ഷികൾക്ക് വെച്ചു നീട്ടിയ സീറ്റുകൾ സ്വീകരിക്കാതെ വരുമ്പോൾ സമവായമായി പൊതു സ്വതന്ത്ര സ്ഥാനാർഥിയെന്ന നിലയിൽ മാറ്റിവെച്ച സീറ്റുകളും ഇത്തരത്തിൽ ബാക്കി കിടക്കുന്നുണ്ട്. അതേ സമയം പത്രിക പിൻവലിക്കുന്ന അവസാന മണിക്കൂർ വരെ സാധ്യതകൾ ഉണ്ടെന്നാണ് ചെറുകക്ഷികളുടെ നിലപാട്.
പെരിന്തൽമണ്ണ നഗരസഭയിൽ യു.ഡി.എഫും എൽ.ഡി.എഫും സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയിട്ടില്ല. എൽ.ഡി.എഫിൽ രണ്ടു ദിവസം മുമ്പ് 30 സീറ്റിൽ സ്ഥാനാർഥികൾ ആയെങ്കിൽ രണ്ടു ദിവസം കൊണ്ട് നാലു വാർഡിൽ കൂടി സ്ഥാനാർഥികളായി. ആകെ 37 വാർഡുകളുള്ള ഇവിടെ മൂന്നു സീറ്റിൽ കൂടി സ്ഥാനാർഥികൾ ആകാനുണ്ട്. മുൻ ഭരണസമിതി ഉപാധ്യക്ഷ, മൂന്ന് സ്ഥിരംസമിതി അധ്യക്ഷർ, ഒരു അംഗം എന്നിവർ ഈ പട്ടികയിൽ ഇടം പിടിച്ചു.
അതേസമയം യു.ഡി.എഫ് ചില ചെറു കക്ഷികളുമായി അവസാന ഘട്ടവും ചർച്ചയിലാണ്. ബഹു ഭൂരിപക്ഷം വാർഡിലും സ്ഥാനാർഥികൾ ആയെങ്കിലും പട്ടിക അന്തിമമായിട്ടില്ല. ആകെ 37 വാർഡുകളിൽ കോൺഗ്രസ് 17, മുസ്ലിം ലീഗ് 20 എന്നിങ്ങനെ ആദ്യമേ വീതിച്ചെടുത്ത ശേഷമാണ് ചെറു കക്ഷികളുമായി ചർച്ചക്കിരുന്നത്.
സമാന രീതിയാണ് ഏലംകുളത്തും യു.ഡി.എഫ് സ്വീകരിച്ചത്. ഇവിടെ 18 വാർഡുകളിൽ മുസ്ലിം ലീഗ് പത്തും കോൺഗ്രസ് എട്ടും ആദ്യമേ വീതിച്ചെടുത്തു. ശേഷമാണ് ചെറു കക്ഷികളുമായി ചർച്ച നടത്തിയത്. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി നിർണയം പൂർത്തി ആവുന്നതേയുള്ളൂ. അതേസമയം ഏലംകുളത്ത് 18 വാർഡിലും സ്ഥാനാർഥികളായെന്ന് എൽ. ഡി.എഫ് നേതൃത്വം അറിയിച്ചു. 15 വാർഡിൽ സി.പി.എമ്മും മൂന്ന് വാർഡിൽ സി.പി.ഐയും മത്സരിക്കുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
