പെരിന്തൽമണ്ണയുടെ മനസ്സ് ആർക്കൊപ്പം? ആത്മവിശ്വാസത്തിൽ യുഡിഎഫ്; തിരിച്ചു പിടിക്കാൻ എൽഡിഎഫ്

Share to


Perinthalmanna Radio
Date: 16-03-2026

പെരിന്തൽമണ്ണ: തൂതപ്പുഴ അതിരിട്ടുകൊണ്ട് പാലക്കാട് ജില്ലയോടു ചേർന്നാണ് വള്ളുവനാടിന്റെ സിരാകേന്ദ്രമായ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിന്റെ കിടപ്പ്. കമ്യൂണിസ്‌റ്റ് ആചാര്യൻ ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ജന്മനാട് ഉൾക്കൊള്ളുന്നതാണു മണ്ഡലം. സ്വകാര്യ മെഡിക്കൽ കോളജും സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രികളും വിവിധ നഴ്സിങ്–പാരാമെഡിക്കൽ കോളജുകളും അലിഗഡ് ക്യാംപസും എൻജിനീയറിങ് കോളജും ഉൾപ്പെടെയുള്ള മണ്ഡലം എജ്യുസിറ്റിയും മെഡിസിറ്റിയുമാണ്. നാഗരികതയും ഗ്രാമീണതയും ഒത്തുചേർന്ന് പെരിന്തൽമണ്ണ നഗരസഭയും മേലാറ്റൂർ, വെട്ടത്തൂർ, ആലിപ്പറമ്പ്, താഴെക്കോട്, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.

നിലവിലെ എംഎൽഎയായ നജീബ് കാന്തപുരമായിരുന്നു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രചാരണത്തിനു നേതൃത്വം നൽകിയത്. അതുകൊണ്ടുതന്നെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം നജീബ് കാന്തപുരത്തിന്റെ വിജയമായി കാണാനാണ് പ്രവർത്തകർക്ക് താൽപര്യം. സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ നജീബ് കാന്തപുരം മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വി.പി.മുഹമ്മദ് ഹനീഫയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഎമ്മിലെ ജനകീയ മുഖമാണ് വി.പി.മുഹമ്മദ് ഹനീഫ.

ഒരു പക്ഷത്തെയും അന്ധമായി തുണയ്‌ക്കുന്നതല്ല മണ്ഡലത്തിന്റെ തിരഞ്ഞെട‌ുപ്പു ചരിത്രം. ഇടതുപക്ഷത്തിന് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടിപതറിയത് 38 വോട്ടുകൾക്കാണ്. അതിനു മുൻപ് 2016 ൽ യുഡിഎഫ് ജയിച്ചുകയറിയത് 579 വോട്ടുകൾക്കാണ്. കേരളപ്പിറവിക്കു ശേഷം ആദ്യത്തെ 3 തിരഞ്ഞെടുപ്പുകളിൽ വിജയം എൽഡിഎഫിനൊപ്പമായിരുന്നു. എന്നാൽ ജില്ലാ രൂപീകരണത്തോടെ മണ്ഡലം ലീഗിനൊപ്പമായി. ഇടക്കാലത്ത് 2006ൽ മണ്ഡലം വി.ശശികുമാറിനെ വിജയിപ്പിച്ച് സിപിഎമ്മിനൊപ്പം നിന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 6 പഞ്ചായത്തുകളുടെയും പെരിന്തൽമണ്ണ നഗരസഭയുടെയും ഭരണസാരഥ്യം യുഡിഎഫ് നേടിയത് യുഡിഎഫിന് അനുകൂലമായ ഒരു ഓളം സൃഷ്‌ടിച്ചിട്ടുണ്ട്. ഇതിൽ പെരിന്തൽമണ്ണ നഗരസഭയും താഴെക്കോട്, പുലാമന്തോൾ പഞ്ചായത്തുകളും എൽഡിഎഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. മേലാറ്റൂർ, ഏലംകുളം പഞ്ചായത്തുകളിൽ മുൻപ് ഒപ്പത്തിനൊപ്പമായിരുന്നു. വെട്ടത്തൂർ, ആലിപ്പറമ്പ് പഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് ഭരണം ഉണ്ടായിരുന്നത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഫലം വച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്താനാകില്ലെന്ന് മുൻകാല തിരഞ്ഞെടുപ്പു ഫലങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ.പി.എം.മുസ്‌തഫയെ തോൽപിച്ചത്. അന്ന് യുഡിഎഫ് മേലാറ്റൂർ (439), വെട്ടത്തൂർ (1801), താഴെക്കോട് (2248), ആലിപ്പറമ്പ് (1417) പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ലീഡ് നേടിയത്. പെരിന്തൽമണ്ണ നഗരസഭ (2550), ഏലംകുളം (1105), പുലാമന്തോൾ (2053) എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫിനായിരുന്നു ലീഡ്. പോസ്‌റ്റൽ വോട്ടുകളിൽ ചിലത് ക്രമപ്രകാരമല്ലാത്തതിന്റെ പേരിൽ എണ്ണാതെ മാറ്റിവച്ചത് ചോദ്യം ചെയ്‌ത് കെ.പി.എം.മുസ്‌തഫ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോ‌ടതിവിധി നജീബ് കാന്തപുരത്തിന് അനുകൂലമായിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭ (2409), പുലാമന്തോൾ (1986), ഏലംകുളം (163), മേലാറ്റൂർ (2974), ആലിപ്പറമ്പ് (4302), വെട്ടത്തൂർ (2640), താഴെക്കോട് (2767 എന്നിങ്ങനെ 17241 വോട്ടിന്റെ ലീഡ് യുഡിഎഫ് നേടി. നിലവിൽ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം യുഡിഎഫ് ഭരണത്തിലാണെങ്കിലും വെട്ടത്തൂർ, താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളാണ് യുഡിഎഫിന് പരമ്പരാഗതമായി സ്വാധീനമുള്ള പഞ്ചായത്തുകൾ. മേലാറ്റൂരിലും നേരിയ മേൽക്കൈ നൽകാറുണ്ട്. ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയും ഇടതുപക്ഷ മനസ്സുള്ളവയാണ്. ഇതുതന്നെയാണ് ഇരുപക്ഷത്തിന്റെയും പ്രതീക്ഷയും ആശങ്കയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *