
Perinthalmanna Radio
Date: 12-04-2026
എടക്കര : ഒരു ചെറുകാറ്റടിച്ചാൽ തലയ്ക്കുമുകളിൽനിന്ന് പൊട്ടിവീഴുന്ന മുളങ്കൂട്ടങ്ങളും മരങ്ങളും നാടുകാണിച്ചുരം യാത്രക്കാരെ ഭീതിയിലാക്കുന്നു. കമാനം പോലെ വളഞ്ഞ്, റോഡിന്റെ ഒരുവശത്തുനിന്ന് മറുവശത്തേക്ക് തൂങ്ങിക്കിടക്കുകയാണ് ഇവ. തലയ്ക്ക് മുകളിൽ പൊട്ടിവീഴുന്ന അപകടക്കെണിയുടെ ചുവട്ടിലൂടെവേണം യാത്ര ചെയ്യാൻ. അന്തഃസംസ്ഥാന പാതയാണിത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്കുള്ള എളുപ്പ വഴിയാണിത്. താമരശ്ശേരി ചുരത്തിൽ നവീകരണ പ്രവൃത്തി നടക്കുമ്പോഴെല്ലാം മറ്റു ജില്ലകളിലേക്കു പോകേണ്ട വാഹനങ്ങളെല്ലാം നാടുകാണിച്ചുരം വഴിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പലതവണ മുളങ്കൂട്ടങ്ങൾ പൊട്ടിവീണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. നാടുകാണി- പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി ചുരത്തിലെ 12 കിലോമീറ്റർ വീതികൂട്ടി നവീകരിച്ചിരുന്നു. കോടിക്കണക്കിനു രൂപയാണ് ഇതിനായി ചെലവഴിച്ചത്. നിരവധി ഇടങ്ങളിലാണ് മരവും മുളയും തൂങ്ങി നിൽക്കുന്നത്. തടസ്സങ്ങൾ വെട്ടിമാറ്റണമെന്ന് നിരവധിതവണ യാത്രക്കാരും നാട്ടുകാരും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മഴ തുടങ്ങുന്നതോടെ ചുരത്തിൽ ദിവസവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് ഇവർ പറയുന്നു. രാത്രിയിൽ സംഭവിക്കുന്ന തടസ്സങ്ങളിൽപ്പെട്ട് നിരവധി കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ചുരത്തിൽ പേടിച്ചു കഴിയുന്നത്. കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം. പൊതുമരാമത്തുവകുപ്പ് അധികൃതർക്കാണ് തടസ്സങ്ങൾ മാറ്റാനുള്ള ചുമതല. പലപ്പോഴും ഇവർ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. വനം വകുപ്പ്, പോലീസ്, ട്രോമാകെയർ, വഴിക്കടവിൽനിന്നുള്ള പൊതുപ്രവർത്തകർ എന്നിവർ ചേർന്നാണ് തടസ്സങ്ങൾ നീക്കുന്നത്. ആവശ്യമായ ഉപകരണങ്ങളുടെ കുറവുമൂലം മണിക്കൂറുകൾ ചെലവഴിച്ചാണ് ഇവർ തടസ്സങ്ങൾ നീക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
