
Perinthalmanna Radio
Date: 17-12-2022
പെരിന്തൽമണ്ണ: നഗരസഭ സംഘടിപ്പിച്ച ലേല നിക്ഷേപകസംഗമത്തിലൂടെ ആധുനിക ഇൻഡോർ മാർക്കറ്റിലെ മുറികൾക്കായി പണം നിക്ഷേപിച്ചവർ സമരത്തിനൊരുങ്ങുന്നു. ലേലത്തിൽ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ച പ്രവാസികളും സ്ത്രീകളും അടക്കമുള്ളവർ ചേർന്ന് രൂപവത്കരിച്ച ‘ഇൻഡോർ മാർക്കറ്റ് ഇൻവെസ്‌റ്റേഴ്‌സ് പ്രൊട്ടക്‌ഷൻ ഫോറം പെരിന്തൽമണ്ണ’ എന്ന കൂട്ടായ്‌മയാണ് സമരത്തിനൊരുങ്ങുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കരാർവെച്ച് ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കി മുറികൾ കൈമാറുമെന്ന് ഉറപ്പുനൽകിയാണ് ലേലം നടത്തിയത്. നഗരസഭയുടേതായതിനാൽ ലക്ഷക്കണക്കിനു രൂപ പലരും നിക്ഷേപിച്ചു. 40 കോടി രൂപ ചെലവിൽ നാലുനിലകളിലായി 2.73 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന മാർക്കറ്റിൽ അത്യാധുനിക സൗകര്യങ്ങളും വാഗ്‌ദാനം ചെയ്തിരുന്നു. 2019 നവംബറിൽ നടത്തിയ ലേലത്തിനുശേഷം പലരും വിളിച്ച തുകയുടെ പകുതിയിലേറെയും നഗരസഭയിൽ അടച്ചിട്ടുണ്ട്. മൂന്നുലക്ഷം മുതൽ 90 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്.
എന്നാൽ മാർക്കറ്റ് നിർമാണം എങ്ങുമെത്താതെ നിലച്ചിട്ട് രണ്ടുവർഷത്തോളമായി. പഴയ മാർക്കറ്റിൽ മുറികളുണ്ടായിരുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ആദ്യത്തെ ഒരുനിലയുടെ പണിയാണ് ഭാഗികമായി പൂർത്തിയായത്. സംഗമത്തിൽ ബോധ്യപ്പെടുത്തിയ പ്ലാൻ പ്രകാരമുള്ള പണികൾ നടത്തിയിട്ടില്ലെന്ന് നിക്ഷേപകർ പറഞ്ഞു.
പ്രവാസികളായിരുന്നവരും സ്വദേശിവത്കരണത്തിന്റെ ഭാഗമായി കച്ചവടം നഷ്ടപ്പെട്ട് നാട്ടിലെത്തിയവരും ഇവരിലുണ്ട്. വിദേശത്തെ കച്ചവടം നഷ്ടപ്പെട്ടപ്പോൾ നാട്ടിലെ പദ്ധതിയിൽ നിക്ഷേപം നടത്തി വരുമാനമാർഗം പ്രതീക്ഷിച്ചാണ് തുക നൽകിയത്. അംഗപരിമിതരടക്കമുള്ള നൂറോളം നിക്ഷേപകരിൽ പഴയ മാർക്കറ്റിൽ കച്ചവടം ചെയ്തിരുന്നവരുമുണ്ട്. പലരും ബാങ്ക് വായ്‌പയെടുത്തും സമ്പാദ്യമെല്ലാം ഉപയോഗിച്ചുമാണ് നിക്ഷേപം നടത്തിയത്.
മൂന്നുവർഷമായിട്ടും മാർക്കറ്റ് നിർമാണം പൂർത്തിയാക്കാനുള്ള നടപടികളൊന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ല. നിക്ഷേപിച്ച പണം തിരികെ നൽകുകയോ എത്രയുംവേഗം നിർമാണം നടത്തി കടമുറികൾ നൽകുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാൽ തങ്ങളും കുടുംബാംഗങ്ങളും ചേർന്ന് നഗരസഭയ്ക്ക് മുന്നിൽ ധർണ അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്നും നിക്ഷേപകർ അറിയിച്ചു.
കൂട്ടായ്‌മ ഭാരവാഹികളായ ഒ.പി. മുസ്തഫ, സെയ്തലവി ചേങ്ങരത്തൊടി, അബ്ദുൾറഷീദ് കിഴിശ്ശേരി, കബീർ തേക്കിൽ, റുഖിയ പച്ചീരി, സുലൈഖ കിഴക്കേതിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
