പേരിൽ മാത്രം ഒതുങ്ങി പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Share to

Perinthalmanna Radio
Date: 24-11-2023

നവംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് പെരിന്തല്‍മണ്ണയില്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ  പെരിന്തൽമണ്ണയിലെ ചില വികസന പ്രശ്നങ്ങൾ ഇതാ പെരിന്തൽമണ്ണ റേഡിയോ ചൂണ്ടിക്കാണിക്കുന്നു

പെരിന്തൽമണ്ണ : ‘ജില്ലാ ആശുപത്രിയെന്നത് ബോർഡിൽ മാത്രമേയുള്ളു. പെരിന്തൽമണ്ണയിലേത് താലൂക്ക് ആശുപത്രി തന്നെ’  മുൻപ് സംസ്ഥാനത്തെ ആരോഗ്യമന്ത്രി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയെ കുറിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവന ആണിത്. ജില്ലാ ആശുപത്രിയുടെ ശോച്യാവസ്‌ഥ സംബന്ധിച്ച് എംഎൽഎ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്.

2014 ൽ അന്നത്തെ യുഡിഎ ഫ് സർക്കാരാണ് പെരിന്തൽമണ്ണയിലെ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തിയത്. എന്നാൽ പദവി ഉയർത്തി ബോർഡ് മാറ്റി സ്ഥാപിച്ചതല്ലാതെ ജില്ലാ ആശുപത്രിക്ക് വേണ്ട ഒരു സൗകര്യങ്ങളും ഇവിടെ ഒരു ക്കിയില്ല.

ഒരു ജീവനക്കാരനെയോ നഴ് സിങ് സ്‌റ്റാഫിനെയോ ഡോക്ടറെയോ പോലും കൂടുതലായി നിയമിച്ചില്ല. 9 വർഷം പിന്നിട്ടിട്ടും പെരിന്തൽമണ്ണയിലേത് ജില്ലാ ആശുപത്രിയാണോ, അതോ താലൂക്ക് ആശുപത്രി തന്നെയാണോ എന്ന കാര്യത്തിൽ ആരോഗ്യ വകുപ്പിന് തന്നെ ഇതുവരെയും സംശയം മാറിയിട്ടില്ല.

അധികൃതരുടെ അലംഭാവവും അവഗണനയും മൂലം വേണ്ടത്ര സൗകര്യങ്ങളും ഡോക്ടർമാരും ജീവനക്കാരുമില്ലാതെ ഈ ആതുരാലയം ചക്രശ്വാസം വലിക്കുമ്പോൾ ഉത്തരവാദപ്പെട്ടവർ നിസംഗരാകുന്നു. മലപ്പുറം ജില്ലയ്ക്ക് പുറമേ പാലക്കാട് ജില്ലയുടെ വലിയൊരു ഭാഗവും ആശ്രയിക്കുm കോഴിക്കോട്- പാലക്കാട് ദേശീയ പാതയോരത്തെ ആതുരാലയം വികസനം മുരടിച്ച നിലയിലാണ്.

വാഹനാപകടത്തിൽ പെടുന്നവർക്കും ദേശീയപാത വഴി അത്യാസന്ന നിലയിൽ ആശുപത്രി തേടിയെത്തുന്നവക്കും ആദ്യം ആശ്രയിക്കാനുള്ളത് ഈ ആശുപത്രിയാണ്. എന്നാൽ ഇവിടെ ഒരു എമർജൻസി ഓപ്പറേഷൻ തിയറ്റർ പോലുമില്ലെന്നതാണ് ദുരവസ്‌ഥ.

അത്യാസന്ന നിലയിലും അടിയന്തര ഘട്ടങ്ങളിലും ചികിത്സ തേടിയെത്തുന്ന പലരെയും മഞ്ചേരി മെഡിക്കൽ കോളജിലേക്കോ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കോ മറ്റുമായി പറഞ്ഞു വിടേണ്ട ദുരവസ്‌ഥ. ചികിത്സ തേടി മണ്ണാർക്കാട് റോഡിലെ ആശുപത്രിപ്പടിയിൽ എത്തുന്നവർക്ക് ജില്ലാ ആശുപത്രിയുടെ ഗേറ്റിന് മുന്നിൽ തുടങ്ങും അന്താളിപ്പും ആശയക്കുഴപ്പവും.

ദേശീയ പാതയുടെ ഇരു വശങ്ങളിലായി കാണാം ജില്ലാ ആശുപത്രിയുടെ ഓരോ കവാടങ്ങൾ. ആശുപത്രിയുടെ ഓരോ ഗേറ്റിനു സമീപവും രണ്ടിടത്തെയും സൗകര്യങ്ങൾ സംബന്ധിച്ച് കൃത്യവും വ്യക്‌തവുമായ അറിയിപ്പ് ബോർഡ് സ്ഥാപിച്ചാൽ ഈ ആശയക്കുഴപ്പം ഇല്ലാതാക്കാം.

കാഷ്വൽറ്റിയും ബ്ലഡ് ബാങ്കും ഒപി ബ്ലോക്കും ഫാർമസിയും മോർച്ചറിയും ഡയാലിസിസ്, എക്സ്റേ വിഭാഗവുമെല്ലാം അങ്ങിങ്ങായി ചിതറി കിടക്കുന്ന പഴയ ബ്ലോക്ക് ഒരുവശത്തും മാതൃശിശു വിഭാഗം മറു വശത്തുമായാണ് ആശുപത്രി. തിരക്കേറിയ ദേശീയ പാത മുറിച്ചു കടക്കാൻ ഇവിടെ പെടാപ്പാടു പെടണം.

ഡോക്ടറെ കണ്ട് ലാബ് പരിശോധനയും എക്സ്റേയും കഴിഞ്ഞ് ഫാർമസിയിലെത്തി മരുന്ന് വാങ്ങി മടങ്ങുമ്പോഴേക്ക് പല തവണ റോഡിൻ്റെ അപ്പുറവും ഇപ്പുറവുമുള്ള ആശുപത്രി ഭാഗങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്തേണ്ടി വരും. നിലവിലെ സ്പെഷൽറ്റി ഒപി വിഭാഗങ്ങളിലെല്ലാം ഡോക്ടർമാർ എത്തിയാൽ രോഗികൾക്ക് നിന്ന് തിരിയാനിടമില്ല. വല്ല വിധേനയും ഡോക്‌ടറെ കണ്ട് ഫാർമസിയിൽ മരുന്ന് വാങ്ങാൻ എത്തിയാൽ പിന്നെ മറ്റൊരു യുദ്ധമാണ്.

ഇവിടെ 3 ഷിഫ്റ്റുകൾക്കായി 7 ഫാർമസിസ്റ്റു‌കളാണ് ആകെയുള്ളത്. 9 കൗണ്ടറുകൾ ഉണ്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ 2 കൗണ്ടറുകളെ പ്രവർത്തിപ്പിക്കാനാവു. എന്നാൽ ആയിരത്തിലേറെ വരുന്നുണ്ട് മരുന്ന് വാങ്ങാൻ എത്തുന്നവരുടെ ടോക്കൺ ഉള്ള ഫാർമസിസ്റ്റുകൾക്ക് അത്യാവശ്യത്തിന് പോലും അവധി എടുക്കാൻ ആവാത്ത സ്‌ഥിതി. കാത്തിരുന്ന് മുഷിയുന്ന രോഗികളും ജീവനക്കാരും തമ്മിൽ ദിവസവും വാക്കേറ്റവും ബഹളവും പതിവാണ്.

മുൻപ് ഇവിടെ സ്‌ഥിരം ഡോക്ട്‌ടർമാർക്കും ജീവനക്കാർക്കും പുറമേ വിവിധ സർക്കാർ പദ്ധതികളിലായി 20 ഡോക്ടർമാരും 39 സ്റ്റാഫ് നഴ്‌സും ഉൾപ്പെടെ നൂറിലേറെ താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്നു. ഇപ്പോഴത് 50ൽ താഴെ മാത്രമാണ്. ഒരു വർഷത്തോളമായി സ്‌ഥിരം സൂപ്രണ്ടില്ലാത്ത ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്‌ടർക്ക് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *