
Perinthalmanna Radio
Date: 18-02-2024
പെരിന്തൽമണ്ണ : കാദറലി സ്പോർട്സ് ക്ലബ്ബും പെരിന്തൽമണ്ണ എൻ.ആർ.ഐ. ഫോറവും സംയുക്തമായി ജിദ്ദയിൽ സംഘടിപ്പിച്ച കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റീഗൾ ഡേ 2 ഡേ ജേതാക്കളായി. മുഷാറഫ് ടൗൺ ടീം എഫ്.സി.യുമായുള്ള മത്സരം സമനിലയായതോടെ ടോസിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിന്റെ രണ്ടാം പകുതിയിൽ നുഫൈൽ കണ്ണച്ചൻതൊടിയിലൂടെ അൽ മുഷാറഫ് ടൗൺ ടീം ലീഡ് നേടി.
തുടർന്ന് കടുത്ത പ്രതിരോധം തീർത്തെങ്കിലും രണ്ടാം പകുതിയുടെ 18-ാം മിനിറ്റിൽ മുഹമ്മദ് ആഷിക്ക് എടുത്ത ഫ്രീകിക്ക് ഗോളിലൂടെ റീഗൾ സമനില പിടിച്ചു.
ടൈബ്രേക്കറിൽ ഇരുടീമുകളും ഓരോ കിക്കുകൾ പാഴാക്കി സമനിലയിൽ തുടർന്നതോടെ ടോസിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. റീഗളിന്റെ മുഹമ്മദ് ആഷിക്കാണ് കളിയിലെ കേമൻ. ടൂർണമെന്റിന്റെ മുഖ്യപ്രായോജകരായ പി.ടി. ഗ്രൂപ്പിന്റെ ഷഹീം, ഹിഷാം, ഷാജി, കാദറലി ക്ലബ്ബ് സെക്രട്ടറി പച്ചീരി ഫാറൂഖ്, കുറ്റീരി മാനുപ്പ, പെരിന്തൽമണ്ണ എൻ.ആർ.ഐ. ഫോറം രക്ഷാധികാരി റീഗൽ മുജീബ്, പ്രസിഡന്റ് അയ്യൂബ്, സെക്രട്ടറി മജീദ്, ട്രഷറർ നാസർ ശാന്തപുരം എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഗുലൈൽ പോളിക്ലിനിക് ജനറൽ മാനേജർ അർഷദ്, ഹിബ ഏഷ്യ മാനേജർ ഷാജു എന്നിവർ ചേർന്ന് പ്രൈസ്മണിയും വിതരണം ചെയ്തു. റണ്ണേഴ്സിന് പെൻ റിഫ് ചെയർമാനും എൻ കംഫർട്ട് എം.ഡി.യുമായ ലത്തീഫ് കാപ്പുങ്ങൽ, വനിതാ പ്രവർത്തകരായ ഡോ. ഇന്ദു, ഷമീം, റജിയ വീരാൻ, ജുനൈദ, നുജൂം ഹാരിസ്, ആരിഫ ഒവൈസ്, നജാത്ത് സക്കീർ എന്നിവർ ചേർന്ന് ട്രോഫി നൽകി. ഗുലൈൽ മാനേജർ മുസ്തഫ പ്രൈസ് മണി നൽകി. 51-ാമത് കാദറലി ട്രോഫി ടൂർണമെന്റിന്റെ ഭാഗമായാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ ടൂർണമെന്റ് സംഘടിപ്പിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
