ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്; കടമ്പകൾ ഇനിയും ബാക്കി

Share to


Perinthalmanna Radio
Date: 04-07-2026

പെരിന്തൽമണ്ണ: ഓരാടംപാലം -മാനത്തുമംഗലം ബൈപ്പാസ് പൂർത്തിയാകാൻ കടമ്പകൾ ഇനിയും ബാക്കി. പ്രതീക്ഷ നൽകുന്നത് ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി രൂപയുടെ പ്രാരംഭ ഫണ്ടാണ്. റെയിൽവേയുടെ അനുമതിയാണ് മുന്നിലുള്ള പ്രധാനപ്പെട്ട കടമ്പ.

നാലു കിലോമീറ്റർ തൂണിൽ നിർമിക്കുന്ന എലിവേറ്റഡ് ഹൈവേ ആയി വിഭാവനം ചെയ്തിട്ടുള്ള ബൈപ്പാസിന് ഏഴുകണ്ണിപ്പാലം ഭാഗത്ത് റെയിൽവേ മേൽപ്പാലം വേണ്ടിവരും. എന്നാൽ 20 മീറ്റർ ഉയരത്തിൽ മേൽപ്പാലം വരുമ്പോൾ ഏഴു കണ്ണിപ്പാലം ഭാഗത്ത് സാങ്കേതികമായി ചില പ്രശ്നങ്ങളും തൂണുകൾ പണിയുമ്പോൾ പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യവും ആദ്യ ഘട്ടത്തിൽ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് സമർപ്പിച്ചപ്പോൾ റെയിൽവേ അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നു.

തുടർന്ന് ഏഴു കണ്ണിപ്പാലം ഒഴിവാക്കി അല്പം മാറി മേൽപ്പാലം നിർമിക്കുന്ന രീതിയിൽ പുതിയ പ്ലാൻ സമർപ്പിക്കുകയാണ് ഉണ്ടായത്.

മേൽപ്പാലത്തിൻ്റെ നിർമാണ ചെലവിന്റെ നിശ്ചിത ശതമാനം തുക പ്ലാൻസ് ആൻഡ് എസ്റ്റിമേറ്റ് ഫീയായി റെയിൽവേയിൽ അടയ്ക്കേണ്ടതുണ്ട്. ഇത്തരത്തിൽ 16 ലക്ഷം രൂപയാണ് നിലവിൽ റെയിൽവേക്ക് നൽകിയിട്ടുള്ളത്. പുതുക്കിയ പ്ലാൻ പ്രകാരം നിർമാണ ച്ചെലവ് കൂടിയതിനാൽ റെയിൽവേയിൽ അടക്കേണ്ട തുക 24 ലക്ഷമായി വർധിച്ചിട്ടുണ്ട്.

പ്ലാൻസ് ആൻഡ് എസ്റ്റിമേറ്റ് ഫീസായി എട്ടു ലക്ഷം രൂപ കൂടി അടച്ച് പുതുക്കിയ ജനറൽ അറേഞ്ച്‌മെൻ്റ് ഡ്രോയിങ് സമർപ്പിച്ചാലാണ് റെയിൽവേ ഇക്കാര്യങ്ങൾ പരിശോധിച്ച് അനുമതി സംബന്ധിച്ച് തീരുമാനമെടുക്കുക. സർക്കാർ അനുവദിച്ച 10 കോടിയിൽ നിന്ന് എട്ടു ലക്ഷം രൂപ മാത്രമാണ് ഇനി റെയിൽവേക്ക് ഫീസിനത്തിൽ നൽകേണ്ടതുള്ളൂ. റെയിൽവേയുടെ അനുമതി ലഭിച്ചാൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രക്രിയയിലേക്ക് സർക്കാരിന് കടക്കാം.

ദേശീയ പാതയിലെ അങ്ങാടിപ്പുറം റെയിൽവേ ഗേറ്റ് ഒഴിവാക്കി ഓരാടംപാലം ഭാഗത്തു നിന്നും ആരംഭിച്ച് പെരിമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിൽ മാനത്തുമംഗലം എന്ന സ്ഥലത്ത് അവസാനിക്കുന്നതാണ് നിർദ്ദിഷ്ട ബൈപ്പാസ്. ആകെ 4.038 കിലോമീറ്റർ നീളമുള്ള ബൈപ്പാസ് റോഡ് അങ്ങാടിപ്പുറം, വലമ്പൂർ, പെരിന്തൽമണ്ണ വില്ലേജുകളിലെ അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത്, പെരിന്തൽമണ്ണ നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലൂടെ ആണ് കടന്നു പോകുന്നത്.

പരമാവധി വീടുകൾ ഒഴിവാക്കി വയലു കളിലൂടെയും കൃഷി സ്ഥലങ്ങളിലൂടെയും തൂണിലൂടെ എലിവേറ്റഡ് ഹൈവേ എന്ന രീതിയിലാണ് അലൈൻമെൻ്റ് ഉള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിലുള്ള പഴയ അനുമതി കാലഹരണ പെട്ടതിനാൽ ഡിസൈൻ ഉൾപ്പെടെയുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി പൂർത്തീകരിച്ച് പുതുക്കിയ ഡി.പി.ആർ. തയ്യാറാക്കേണ്ടതുണ്ട്. 10 കോടി രൂപയിൽ നിന്ന് ആദ്യ പടിയായ ഇക്കാര്യം ചെയ്ത് തീർക്കാനാവും.

ഡി.പി.ആർ. തയ്യാറാക്കലാണ് പദ്ധതിയിലേക്കുള്ള ആദ്യപടി. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ജന പ്രതിനിധികൾ പ്രഥമ പരിഗണന നൽകണമെന്ന ആവശ്യമാണ് ഇക്കാര്യത്തിൽ ജനങ്ങൾ മുന്നോട്ടു വെക്കുന്നത്.

ചെലവ് കൂടുതലാണെങ്കിലും വർഷങ്ങളായി ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുന്ന അങ്ങാടിപ്പുറം- പെരിന്തൽമണ്ണ പട്ടണങ്ങൾക്കും കോഴിക്കോട്- പാലക്കാട് ദേശീയ പാതയ്ക്കും വലിയ ആശ്വാസമാവും പുതിയ ബൈപ്പാസെന്ന പ്രതീക്ഷയിലാണ് ജനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *