
Perinthalmanna Radio
Date: 23-02-2024
അങ്ങാടിപ്പുറം : നിലവിൽ 14 കോച്ചുകൾ ഉള്ള രാജ്യറാണി എക്സ്‌പ്രസ്സിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്ന കാര്യം പ്ലാറ്റ്‌ഫോമിൽ നീളംകൂട്ടൽ പൂർത്തീകരിക്കുന്നമുറയ്ക്ക് പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് പാലക്കാട്ട് ചേർന്ന റെയിൽവെ ഡിവിഷനിലെ എം.പി.മാരുടെ യോഗത്തിൽ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യെ അറിയിച്ചു. എന്നാൽ ഈ വണ്ടി തിരുവനന്തപുരത്തേക്ക് നീട്ടുന്നകാര്യം ടെർമിനൽ തിരക്കുകാരണം നിലവിൽ സാധ്യമല്ലെന്നും മറുപടി ലഭിച്ചു.
നിലമ്പൂർ-ഷൊർണൂർ ലൈനിലെ വേങ്ങൂരിൽ നിർദ്ദേശിക്കപ്പെട്ട അണ്ടർ പാസ് അംബർലാ പദ്ധതിയിൽ ഉൾപ്പെടുത്തി 2024-ൽത്തന്നെ അനുമതിനൽകും. പട്ടിക്കാട് റെയിൽവേ ഗേറ്റിൽ മേൽപ്പാലത്തിന് അനുമതിയായിട്ടുണ്ടെന്നും നിലമ്പൂർ-കോട്ടയം തീവണ്ടിക്ക് മേലാറ്റൂർ, ചെറുകര, പട്ടിക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പ്ലാറ്റ്‌ഫോം നീളംകൂട്ടിയാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേലാറ്റൂർ, കുലുക്കല്ലൂർ എന്നിവിടങ്ങളിൽ ക്രോസിങ് സ്റ്റേഷനുകൾ അനുവദിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.
അങ്ങാടിപ്പുറം റെയിൽവേസ്റ്റേഷന് അമൃത ഭാരത പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ഒന്നാംഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. പദ്ധതിയിൽ ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. വള്ളിക്കുന്ന് റെയിൽവേസ്റ്റേഷനിൽ പ്ലാറ്റ്‌ഫോം ഉയർത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ പ്രവൃത്തി ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കും.
മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ വള്ളിക്കുന്ന്, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ പുതിയ മേൽക്കൂരയുടെ നിർമാണവും പൂർത്തീകരിക്കും. മേലാറ്റൂർ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോം നീട്ടുന്ന പ്രവൃത്തിയും 2024 മാർച്ചിൽ പൂർത്തീകരിക്കും. നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ പുതിയ സ്റ്റേഷൻ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണെന്ന് യോഗത്തിൽ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
