ജില്ലയിൽ പുരപ്പുറം തരുന്നത് 5,174 കിലോവാട്ട് വൈദ്യുതി

Share to

Perinthalmanna Radio
Date: 23-02-2024

മലപ്പുറം: സംസ്ഥാനത്ത് വേനൽച്ചൂടിനൊപ്പം വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ വൈദ്യുതി നിയന്ത്രണമടക്കം ഏർപ്പെടുത്തിയേക്കാമെന്ന സാഹചര്യമുണ്ട്. എന്നാൽ ഈ ആശങ്കകളൊന്നും കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിലെ ഗുണഭോക്താക്കൾക്കില്ല. ജില്ലയിലെ 1,​312 പുരപ്പുറങ്ങളിൽ നിന്നായി 5,​174 കിലോവാട്ട് സോളാർ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 3,227 വീടുകളിലായി 14,565 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാന്റുമായി ബന്ധിപ്പിക്കേണ്ട ത്രീ ഫേസ് നെറ്റ് മീറ്ററുകൾ വിതരണം ചെയ്യുന്നതിൽ കെ.എസ്.ഇ.ബി നേരത്തെ കാലതാമസം വരുത്തിയത് പദ്ധതിയുടെ വേഗം കുറച്ചിരുന്നു. ഇതു പരിഹരിക്കപ്പെടുകയും വേനലിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയ‌രുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വേഗം കൂട്ടാനാണ് അധികൃതരുടെ തീരുമാനം.

ചില്ലറയല്ല സബ്സിഡി

പുരപ്പുറം സൗരോർജ്ജ പദ്ധതിയിൽ ഒന്ന് മുതൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾക്ക് 40 ശതമാനവും നാല് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾക്ക് ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനവും തുടർന്ന് ഓരോ കിലോവാട്ടിനും 20 ശതമാനവും എന്ന രീതിയിലാണ് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നത്. 10 കിലോവാട്ടിന് മുകളിൽ സബ്സിഡിയില്ല. സബ്സിഡി കിഴിച്ചുള്ള തുക മാത്രമേ ഉപഭോക്താക്കൾ നൽകേണ്ടതുള്ളൂ. പ്ലാന്റുകൾ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി വഴി ഉപഭോക്താക്കൾ തന്നെ തിരഞ്ഞെടുക്കുന്ന ഡെവലപ്പർമാരാണ്. പദ്ധതി നിർവഹണത്തിന് 37 കമ്പനികളെ എംപാനൽ ചെയ്തിട്ടുണ്ട്.

പുരപ്പുറം തരും ലാഭം

▪️ഒരുകിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന് ഏകദേശം അരലക്ഷത്തോളം രൂപ ചെലവ് വരും.
▪️ഒരു കിലോവാട്ട് പ്ലാന്റിനായി 100 ചതുരശ്ര അടി സ്ഥലം വേണം. ഒരുകിലോവാട്ട് പ്ലാന്റിൽ നിന്ന് പ്രതിദിനം നാല് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും.
▪️സാധാരണ ഒരു കുടുംബത്തിന് ഒരുദിവസം ഗാർഹിക ആവശ്യത്തിനായി ആറ് മുതൽ എട്ട് യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്.
▪️ഗാർഹിക ആവശ്യത്തിന് ഉപയോഗിച്ച ശേഷം അധികമുള്ള വൈദ്യുതി ഇലക്ട്രിസ്റ്റി ബോർഡ് ഗ്രിഡ് വഴി വാങ്ങുകയും വർഷത്തിൽ ഇതിന്റെ തുക ഉപഭോക്താക്കൾക്കു നൽകുകയും ചെയ്യും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *