
Perinthalmanna Radio
Date: 24-02-2024
അങ്ങാടിപ്പുറം: നിലമ്പൂർ – നഞ്ചൻകോട് പാതയ്ക്ക് വിലങ്ങുതടിയാകുന്നത് സംസ്ഥാന സർക്കാരിന്റെ താത്‌പര്യമില്ലായ്മയെന്ന് ആക്ഷേപം. പാതയ്ക്കായി താത്‌പര്യമെടുത്ത മുൻ നിലപാടിൽനിന്ന് കേരളം പിൻവാങ്ങി. തലശ്ശേരി-മൈസൂരു പാതയ്ക്കു വേണ്ടിയാണ് ഇപ്പോൾ കേരളം ശ്രമിക്കുന്നത്. അതാണെങ്കിൽ നടപ്പാകാൻ സാധ്യത കുറഞ്ഞതാണെന്നാണ് വിദഗ്ധർ പറയുന്നത്.
മുൻപത്തെക്കാൾ അനുകൂല സാഹചര്യമാണ് നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്ക് എന്നാണ് വിലയിരുത്തൽ. പദ്ധതിയിൽ താത്‌പര്യം കാണിക്കുന്ന റെയിൽവേ ലിഡാർ സർവേ പൂർത്തിയാക്കിയിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളുടെ ദീർഘകാലാവശ്യമാണ് പദ്ധതി.
വയനാട് എം.പി. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ സജീവ ഇടപെടലും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാലക്കാട് ഡിവിഷനിലെ എം.പി.മാരുമായുള്ള ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ യോഗത്തിലേക്ക് നിലമ്പൂർ-നഞ്ചൻകോട് പാതയുടെ വിഷയവും ഉന്നയിച്ചിരുന്നു. രാഹുൽ താത്‌പര്യമെടുത്ത പദ്ധതിയായതിനാൽ കർണാടക സർക്കാരും ഇതിനോട് സഹകരിച്ചേക്കും.
മലബാറിന്റെ സ്വപ്നപദ്ധതിയായ ഇത് ഇപ്പോൾ കേരളം കാത്തിരിക്കുന്ന പദ്ധതിയായി മാറിയിട്ടുണ്ട്. മലയാളി യുവത്വത്തിന്റെ രണ്ടാം നാട് തന്നെയായിട്ടുണ്ട് െബംഗളൂരു എന്നതാണ് കാരണം.
നിലമ്പൂരിൽനിന്ന് സുൽത്താൻ ബത്തേരി, മീനങ്ങാടി, കല്പറ്റ വഴി നഞ്ചൻകോട് എത്തുന്നതാണ് 236 കിലോമീറ്ററുള്ള പാത. െബംഗളൂരുവിലേക്കും മൈസൂരുവിലേക്കും യാത്രാദൂരം വൻതോതിൽ കുറയ്ക്കുന്നതാണ് ഈ പാത. പുതിയ പാത വന്നാൽ എറണാകുളത്തുനിന്ന് െബംഗളൂരുവിലേക്ക് 84 കിലോമീറ്റർ കുറയും. മൈസൂരു യാത്രയിൽ അത് 400 കി.മീ ആണ്. പാത വന്നാൽ ഏറെ മെച്ചം എറണാകുളത്തുള്ളവർക്കാണ്. െബംഗളൂരുവിൽ നിന്ന് വിശേഷാവസരങ്ങളിൽ നാടെത്തുന്നത് അറുപതിനായിരത്തോളം കൊച്ചിക്കാരാണ് എന്നതാണ് കണക്ക്. കർണാടക ആർ.ടി.സി.യും സ്വകാര്യ ബസുകളും ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നതും എറണാകുളത്തുനിന്നാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
