
Perinthalmanna Radio
Date: 24-02-2024
കൊണ്ടോട്ടി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി ഹജ്ജിന് പുറപ്പെടുന്നവർ അധികനിരക്ക് നൽകേണ്ടിവരുമെന്ന ആശങ്ക ഒഴിയുന്നില്ല. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുമായി താരതമ്യംചെയ്യുമ്പോൾ 80,000-ലേറെ രൂപയാണ് ഓരോ തീർഥാടകനും കരിപ്പൂരിൽ അധികം കൊടുക്കേണ്ടിവരുന്നത്. ഇതിൽ 40,000 രൂപ കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി കേരളത്തിലെ എം.പി.മാരെ അറിയിച്ചതൊഴിച്ചാൽ ഇപ്പോഴും നിരക്കിൽ വ്യക്തത വന്നിട്ടില്ല. ഒരു കുടുംബത്തിൽനിന്ന് ഒന്നിലേറെപ്പേർ ചേർന്നാണ് ഹജ്ജിന് പോകുന്നത്. അഞ്ചുപേർക്കുവരെ ഒരു കവർ നമ്പറിൽ പോകാം. കരിപ്പൂർ തിരഞ്ഞെടുത്തതുകൊണ്ടുമാത്രം വൻതുകയാണ് ഇവർക്ക് നഷ്ടപ്പെടുന്നത്.
കേരളത്തിൽനിന്ന് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട 16,762 പേരിൽ 9,742 പേരും കരിപ്പൂർ ആണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തത്. ഒന്നാംഗഡുവായി 81,800 രൂപ എല്ലാവരും അടച്ചു. മൂന്നാംഗഡു തുക അടയ്ക്കുമ്പോഴാണ് സാധാരണനിലയിൽ വിമാനനിരക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാറുള്ളത്. കരിപ്പൂരും മറ്റു രണ്ടു വിമാനത്താവളങ്ങളും തമ്മിൽ 80,000 രൂപയിലേറെ വ്യത്യാസമുള്ളതായി വിമാനക്കമ്പനികളുടെ ടെൻഡർ കഴിഞ്ഞയുടനാണ് പുറത്തറിഞ്ഞത്. അപേക്ഷ നൽകുന്ന സമയത്ത് രണ്ടു പുറപ്പെടൽകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാമെങ്കിലും ഒന്നാമത്തെ കേന്ദ്രമാണ് അംഗീകരിക്കുക. രണ്ടാമത്തെ കേന്ദ്രത്തിലേക്ക് അപേക്ഷകന് സ്വമേധയാ മാറാൻ അനുവാദമില്ല. വല്ല കാരണവശാലും ഒന്നാമത്തെ കേന്ദ്രം ഒഴിവാകുകയാണെങ്കിൽ മാത്രമേ രണ്ടാമത്തെ പുറപ്പെടൽകേന്ദ്രം പരിഗണിക്കൂ.
വിഷയത്തിൽ കേന്ദ്രസർക്കാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സർക്കാരും സംസ്ഥാനഹജ്ജ് കമ്മിറ്റിയും ഫലപ്രദമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി. വിമാനത്താവള ഉപദേശകസമിതിയോഗത്തിലും കഴിഞ്ഞദിവസം നടന്ന വിമാനക്കമ്പനികളുടെ ഉന്നതതലയോഗത്തിലുമെല്ലാം വിഷയം ചർച്ചയായി.
ഹജ്ജ് യാത്രാനിരക്ക് ഇത്തവണ കുറച്ചില്ലെങ്കിൽ അടുത്തതവണ അത് കരിപ്പൂരിന് വൻതിരിച്ചടിയാകും. കരിപ്പൂർവഴി ഹജ്ജിന് പോകാൻ അമിതനിരക്ക് നൽകേണ്ടിവരുമെന്ന് കരുതി തീർഥാടകർ മറ്റു വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കും. ഭാവിയിൽ ആളില്ലാതെ ഹജ്ജ് പുറപ്പെടൽകേന്ദ്രം തന്നെ കരിപ്പൂരിന് നഷ്ടപ്പെടാനും അതു കാരണമാകും. വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ ചെറിയ വിമാനങ്ങൾ ഉപയോഗിച്ചാകും കരിപ്പൂരിൽനിന്ന് ഹജ്ജ് സർവീസ് നടത്തുക. ഇതാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
