മുള്ള്യാകുർശിയിൽ വീണ്ടും പുലി; ഉടമസ്ഥന്റെ കൺമുന്നിൽ വച്ച് ആടിനെ കടിച്ചു കൊന്നു

Share to

Perinthalmanna Radio
Date: 28-02-2024

കീഴാറ്റൂർ ∙ പുലിയെ പിടിക്കാൻ കെണിയും വച്ച് അധികൃതർ കാത്തിരിക്കുന്നതിനിടെ മുള്ള്യാകുർശ്ശിയിൽ വീണ്ടും പുലി ഭീഷണി. ഇന്നലെ വൈകിട്ട് ആറോടെ മുള്ള്യാകുർശ്ശി മേൽമുറിയിൽ എത്തിയ പുലി ഉടമസ്ഥന്റെ കൺമുന്നിൽ വച്ച് ആടിനെ കടിച്ചു കൊന്നു.

ഇതിനകം 26 ആടുകൾ നഷ്‌ടപ്പെട്ട മാട്ടുമ്മൽ തൊടി ഉമൈറിന്റെ ആടിനെയാണ് ഇന്നലെയും പുലി പിടിച്ചത്. ഉമൈർ ബഹളം വച്ചതോടെ കൊന്ന ആടിനെ ഉപേക്ഷിച്ച് പുലി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് മേയാൻ വീട്ട ആടുകൾ കൂട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് പുലി ഒരാടിനെ പിടികൂടിയത്. ഒരാഴ്ച മുൻപും ഇയാളുടെ ഒരാടിനെ പുലി ക‌ടിച്ചു കൊണ്ടു പോയിരുന്നു. പുലി ഭീഷണിയെ ത്തുടർന്ന് ആളുകൾ പുലിയിൽ നിന്നുള്ള സംരക്ഷണം തേടി സമരത്തിന് ഒരുങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. എന്നാൽ നിരീക്ഷണ ക്യാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയില്ല.

പക്ഷേ വീണ്ടും ആടിനെ പിടിക്കാൻ പുലി എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ പട്ടിക്കാട്–വടപുറം സംസ്ഥാന പാത ഉപരോധിക്കുന്നത് അടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങി. ഇതേ ത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പുലിക്കെണി സ്ഥാപിച്ചു. എല്ലാ ദിവസവും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിക്കെണി പരിശോധിക്കുന്നുണ്ട്. ഇന്നലെയും രാവിലെ ഉദ്യോഗസ്ഥരെത്തി കെണി പരിശോധിച്ച് മടങ്ങിയതാണ്. അതിനിടെയാണ് വൈകിട്ട് വീണ്ടും പുലിയുടെ ആക്രമണം. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. പുലി കൊന്ന ആടിനെ പുലിയുടെ കെണിക്കൂട്ടിൽ വച്ചിരിക്കുകയാണ്. പുലിയെ പിടികൂടാൻ കാര്യക്ഷമമായ സത്വര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പുലി ഭീതിയിൽ ജനം പുറത്തിറങ്ങാൻ ഭയക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *