പെരിന്തൽമണ്ണ ടൗണിന് സമീപത്തെ കുളിർമലയിലെ തീ അണഞ്ഞു

Share to


Perinthalmanna Radio
Date: 29-02-2024

പെരിന്തൽമണ്ണ: ടൗണിനു സമീപത്തെ കുളിർമലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ തീ ബുധനാഴ്ച വൈകീട്ടോടെ പൂർണമായും അണഞ്ഞു. രാവിലെ പെരിന്തൽമണ്ണ നഗരസഭാ ഓഫീസ് സ്ഥിതി ചെയ്യുന്ന മനഴി ബസ്‌സ്റ്റാൻഡിന് സമീപത്തേക്ക് തീപടർന്നത് ആശങ്കയേറ്റി. നഗരസഭാ അധികൃതർ അറിയിച്ചത് അനുസരിച്ച് അഗ്നിരക്ഷാ സേനയെത്തി വെള്ളമൊഴിച്ചും പച്ചിലക്കമ്പുകൾകൊണ്ട് തല്ലിയും തീയണച്ചു. ഈ ഭാഗത്തുള്ള പള്ളിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ തീപ്പിടിത്തം അപകട ഭീഷണിയുയർത്തിയെങ്കിലും അഗ്നി രക്ഷാസേന പള്ളിയിൽ നിന്ന് വെള്ളമെടുത്ത് തീകെടുത്തി. ദേശീയ പാതയോരത്തേക്കും തീപടർന്നെത്തിയിരുന്നു. വെള്ളമൊഴിച്ച് കെടുത്തി. രണ്ടര മണിക്കൂറോളം നീണ്ട പ്രയത്നത്തിലാണ് ഈ പ്രദേശത്തെ തീ അണയ്ക്കാനായത്.

ചൊവ്വാഴ്ച രാവിലെ 11-ഓടെ കക്കൂത്ത് ഭാഗത്ത് നിന്നാണ് മലയിലെ അടിക്കാടുകളിലേക്ക് തീപടർന്നത്. പിന്നീട് രാത്രിയോടെ പൊന്ന്യാകുർശി ഐ.എസ്.എസ്. സ്‌കൂൾ ഭാഗങ്ങളിലേക്ക് എത്തി. മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വൈകീട്ടോടെ മലകയറി കുറെ ഭാഗങ്ങളിൽ ഏറെ പണിപ്പെട്ട് തീയണച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് ഇവർ മടങ്ങിയത്. യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, റഹീസ് കുറ്റീരി, ഹുസൻ കക്കൂത്ത്, ഫാറൂക് പൂപ്പലം, ജിൻഷാദ് പൂപ്പലം എന്നിവർ പങ്കെടുത്തു.

പുൽക്കാടുകൾ ഉണങ്ങിയതും കാറ്റും ചെങ്കുത്തായ പ്രദേശവുമാണ് തീയണയ്ക്കുന്നതിന് തടസ്സമായത്. മലമുകളിൽ ആയതിനാൽ അഗ്നി രക്ഷാസേനയുടെ വാഹനവും എത്തിക്കാനാവില്ല. മലയുടെ ഭൂരിഭാഗം പ്രദേശത്തെയും പുൽക്കാടുകൾ പൂർണമായും കത്തിനശിച്ചു. ബുധനാഴ്ചത്തെ രക്ഷാ പ്രവർത്തനത്തിന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനാനിലയം ഓഫീസർ എൽ. സുഗുണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സജിത്ത്, ഫയർ ഓഫീസർമാരായ അനീഷ്, മുഹമ്മദ് ഷിബിൻ, ഉമ്മർ, രഞ്ജിത്ത്, മുരളി തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *