അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് മാർച്ച് 17-ന്

Share to

Perinthalmanna Radio
Date: 01-03-2024

അങ്ങാടിപ്പുറം : വള്ളുവനാട്ടിലെ പൂരങ്ങളുടെ പൂരമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് 17-ന് നടക്കും. 11 ദിവസം നീണ്ടുനിൽക്കുന്ന പൂരം 27-ന് സമാപിക്കും. മീനമാസത്തിലെ മകീര്യം നക്ഷത്രത്തിനാണ് പൂരം പുറപ്പാട്. ഇത്തവണ മീനമാസത്തിൽ മകീര്യം രണ്ടുതവണ വരുന്നുണ്ട്. എങ്കിലും ആദ്യംവരുന്ന മകീര്യമായ 17-നാണ് പൂരം പുറപ്പാടായി കണക്കാക്കിയിട്ടുള്ളത്.

17-ന് രാവിലെ പത്തിനാണ് ഭഗവതിയുടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പായ പൂരം പുറപ്പാട്. നിത്യേന രാവിലെയും രാത്രിയും നടക്കുന്ന ആറാട്ടെഴുന്നള്ളിപ്പുകളാണ് പൂരത്തിന്റെ ആകർഷകമായ ചടങ്ങ്. 11 ദിവസങ്ങളായി 21 ആറാട്ടുകളാണുള്ളത്. പുറപ്പാട് ദിവസം പെരുവനം സതീഷ് മാരാരുടെയും പത്താംപൂരത്തിന് വാദ്യ കുലപതി പെരുവനം കുട്ടൻമാരാരുടെയും പ്രാമാണ്യത്തിൽ പഞ്ചാരിമേളവും വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന മേളം, തായമ്പക, കേളി, പഞ്ചവാദ്യം എന്നിവയും തിരുമാന്ധാംകുന്ന് പൂരത്തിന് മേളക്കൊഴുപ്പേകും. രാവിലെയും സന്ധ്യക്കും തിരുമുറ്റത്തെ ഓഡിറ്റോറിയത്തിലും രാത്രി പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിലും കലാപരിപാടികൾ അരങ്ങേറും. പൂരത്തലേന്ന് 16-ന് വിശേഷാൽ രോഹിണി കളംപാട്ട്.

18-ന് രണ്ടാംപൂരത്തിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വംബോർഡ് പ്രസിഡൻറ് എം.ആർ. മുരളി അധ്യക്ഷതവഹിക്കും. തിരുമാന്ധാംകുന്ന് ദേവസ്വം നൽകിവരുന്ന ഈ വർഷത്തെ മാന്ധാദ്രി പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്ക്ക് സമർപ്പിക്കും. തിരുമാന്ധാംകുന്നിലമ്മയുടെ ഭക്തരും ക്ഷേത്രത്തിന്റെ വളർച്ചയ്ക്കു സംഭാവന നൽകിയവരുമായ മുതുവറ പുഷ്പകത്ത് നാരായണൻ നമ്പീശൻ, ഭക്തിഗാന രചയിതാവ് പി.സി. അരവിന്ദൻ, എടപ്പറ്റ ഗോവിന്ദൻ നായർ (എടപ്പറ്റ കോമരം) എന്നിവരെ ആദരിക്കും.

വയലിനിസ്റ്റ് കെ.എസ്. അനുരൂപും ശിഷ്യ ഗംഗയും ചേർന്നൊരുക്കുന്ന വയലിൻ നാദലയ വിസ്‌മയം, പുല്ലാങ്കുഴൽ കലാകാരൻ പത്മ പരശുറാമും സംഘവും അവതരിപ്പിക്കുന്ന പത്മരാഗം സംഗീതസന്ധ്യ, മിമിക്രി ആർട്ടിസ്റ്റ് അയ്യപ്പ ബൈജുവും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ, കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ കഥകളി, പിന്നണിഗായകൻ ഗണേഷ് സുന്ദർ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, പിന്നണിഗായിക അപർണ രാജേഷിന്റെ ഗാനമേള, അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ പൂരം ദിനങ്ങളിൽ ദൃശ്യ, ശ്രാവ്യ വിരുന്നൊരുക്കും.

പൂരത്തിനു മുന്നോടിയായി എട്ടുദിവസം നീണ്ടുനിൽക്കുന്ന ദ്രവ്യകലശം എട്ടിന് തുടങ്ങി 15-ന് അവസാനിക്കും. കലശത്തിന് കിഴക്കേ നടയിൽ കലശപ്പുര ഒരുങ്ങി. പൂരത്തിനായി ഒരുക്കങ്ങൾ നടന്നു വരുകയാണ്. ചുറ്റമ്പലത്തിൽ വടക്കേനടയിലും കിഴക്കേനടയിലും സ്ഥിരമായ ശീവേലിപ്പുരയുടെ നിർമാണം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *