
Perinthalmanna Radio
Date: 02-03-2024
പെരിന്തല്‍മണ്ണ: സ്റ്റേഡിയത്തിന് വലുപ്പം കൂട്ടേണ്ടി വരുമോയെന്ന സംശയത്തിലായി പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയം അധികൃതർ. അതിർത്തി വരയ്ക്കുമപ്പുറം താത്കാലിക ഗാലറിയും ബ്ലാക്ക് സ്ക്രീനും കടന്ന് പവലിയൻ വരെയും പന്തെത്തി. അടിച്ചു തകർത്തയാളെ കണ്ടപ്പോള്‍ അദ്ഭുതം ഇല്ലാതായി.
ഐ.പി.എല്‍. സീസണിനു മുന്നോടിയായി പരിശീലനത്തിനെത്തിയതാണ് രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റൻകൂടിയായ സഞ്ജു സാംസണ്. കൂറ്റൻ ഷോട്ടുകള്‍ പരിശീലിക്കാനാണ് താരം ഏറെയും താത്പര്യംകാട്ടിയത്. ശനിയും ഞായറുമായാണ് പരിശീലനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ സഞ്ജു സ്റ്റേഡിയത്തിലെത്തുകയായിരുന്നു.
പെരിന്തല്‍മണ്ണ ജോളി റോവേഴ്സ് ക്ലബ്ബിന്റെയും അക്കാദമിയുടെയും ബൗളർമാരായ വിഘ്നേഷ് പുത്തൂർ, മുഹമ്മദ് ഇഷാഖ്, ദേവനാരായണൻ, റിസ്വാൻ എന്നിവരും സഞ്ജുവിനൊപ്പമുണ്ടായിരുന്ന രണ്ടുപേരും പന്തെറിഞ്ഞു. സഞ്ജുവിന് കൂട്ടായി രഞ്ജി താരം ആനന്ദ് കൃഷ്ണനും ബാറ്റേന്തി. ശനിയാഴ്ചയും ഞായറാഴ്ചയും പരിശീലനം തുടരും.
ശനിയാഴ്ച രാജസ്ഥാൻ റോയല്‍സിന്റെ ബൗളർമാരും പരിശീലകരടക്കമുള്ള ഒഫീഷ്യലുകളും എത്തും. രഞ്ജി ടീമിലെ ബേസില്‍ തമ്ബി, നിധീഷ്, ആനന്ദ് കൃഷ്ണൻ തുടങ്ങിയവരുണ്ടാകും. സ്റ്റേഡിയത്തിലെ 11 പിച്ചുകളില്‍ രണ്ടെണ്ണമാണ് സഞ്ജുവിനായി ഒരുക്കിയിരിക്കുന്നത്. പരിശീലനം കാണാനെത്തുന്നവർക്ക് ഗാലറിക്ക് മുകളില്‍ താത്കാലിക പന്തലും ഒരുക്കിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
