
Perinthalmanna Radio
Date: 03-03-2024
പെരിന്തൽമണ്ണ : കേരളത്തിനായി രഞ്ജി ട്രോഫിയിൽ ഒപ്പം കളിച്ച ഭൂരിഭാഗം താരങ്ങളെയും പങ്കെടുപ്പിച്ച് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരിശീലനം. രഞ്ജിയിൽ കേരളത്തിന്റെ വൈസ് ക്യാപ്റ്റനായ രോഹൻ എസ്. കുന്നുമ്മൽ, സഹതാരങ്ങളായിരുന്ന എം.ഡി. നിധീഷ്, കൃഷ്ണപ്രസാദ്, ആനന്ദ് കൃഷ്ണൻ, സൽമാൻ നിസാർ, എൻ.പി. ബേസിൽ, വിഷ്ണുരാജ്, അബ്ദുൾ ബാസിത്, കഴിഞ്ഞ രഞ്ജി ടീമിലെ അജ്നാസ് എന്നിവരാണ് ശനിയാഴ്ച പരിശീലനത്തിന് പെരിന്തൽമണ്ണ സ്റ്റേഡിയത്തിലെത്തിയത്.
രാജസ്ഥാൻ റോയൽസ് ടീമിന്റെ ഹൈ പെർഫോമൻസ് ഡയറക്ടർ സുബിൻ ബറൂച്ചയുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. രാജസ്ഥാൻ റോയൽസ് ടീമിന്റെ നാല് പരിശീലക ബൗളർമാരും പന്തെറിഞ്ഞു.
രാവിലെ ഒൻപതോടെത്തന്നെ സ്റ്റേഡിയത്തിലെത്തിയിരുന്ന സഞ്ജു 9.20-ഓടെ വ്യായാമത്തിനിറങ്ങി.സ്റ്റേഡിയത്തിന് ചുറ്റും രണ്ട് റൗണ്ട് ഓടിയശേഷം വ്യായാമംചെയ്തു. തിരിച്ച് ഡ്രസ്സിങ് റൂമിലെത്തി. മറ്റ് താരങ്ങളുടെ കളി വീക്ഷിച്ചു. പത്തരയോടെ സുബിൻ ബറൂച്ചയെത്തി.
സഞ്ജുവിന്റെ സഹോദരൻ സാലി സാംസണും സ്റ്റേഡിയത്തിലെത്തിയിരുന്നു. ഒന്നോടെ ഉച്ചഭക്ഷണത്തിന് കയറി. പവലിയനിൽത്തന്നെ ചെലവഴിച്ച് മൂന്നരയോടെ വീണ്ടും പരിശീലനത്തിനിറങ്ങി. സഞ്ജുവിന് സർപ്രൈസ് നൽകി ജോളി റോവേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സഞ്ജു ബാറ്റേന്തി നിൽക്കുന്ന കൂറ്റൻ കട്ടൗട്ടും സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്നു. പരിശീലനം ഞായറാഴ്ച സമാപിക്കും.
22-ന് തുടങ്ങുന്ന ഐ.പി.എൽ. മത്സരങ്ങൾക്ക് മുന്നോടിയായാണ് സഞ്ജു പരിശീലനത്തിനെത്തിയത്. 24-ന് ലഖനൗ സൂപ്പർജയന്റ്സുമായാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യമത്സരം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
