
Perinthalmanna Radio
Date: 05-03-2024
സംസ്ഥാനത്ത് പുതിയ ബസ് റൂട്ടുകൾക്ക് പെർമിറ്റ് തേടി കൂടുതൽ സ്വകാര്യബസുകൾ എത്തുന്നു. നിലവിൽ നഷ്ടമില്ലാത്ത ഒരു തൊഴിൽമേഖലയെന്ന വിലയിരുത്തലിലാണ് അധികംപേരും ബസുകൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നത്.
കെ.എസ്.ആർ.ടി.സി.സർവീസുകൾ കുറഞ്ഞ മേഖലകളിൽ സർവീസ് നടത്താനാണ് ബസുടമകൾക്ക് താത്പര്യം. കോവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം മേഖലയിലുണ്ടായ ഉയിർത്തെഴുന്നേൽപ്പായാണ് ഒരുവിഭാഗം ബസുടമകൾ ഇതിനെ വിലയിരുത്തുന്നത്. ലോക്ഡൗൺ സമയത്ത് ഓടിക്കാൻ കഴിയാതെ, തകരാറിലായ ബസുകൾ അറ്റകുറ്റപ്പണി നടത്തി പലരും ഇപ്പോൾ പുറത്തിറക്കുകയും ബസുകൾ വിൽക്കുകയും ചെയ്യുന്നു. വ്യാപാരമേഖലയിലെ പ്രതിസന്ധിമൂലം കച്ചവടം മതിയാക്കി സ്വകാര്യബസുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടി. കൂടുതൽപ്പേർക്ക് തൊഴിൽ ലഭിക്കുന്നിടവുമായി മേഖല മാറുകയാണ്. കേന്ദ്രസർക്കാരിന് മേഖലയോടുള്ള അനുഭാവപൂർണമായ നിലപാടും കൂടുതൽപ്പേർ രംഗത്തെത്താൻ കാരണമായതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
ആറുലക്ഷം രൂപവരെ മുടക്കിയാൽ ബസുകൾ വാങ്ങാനാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കഴിഞ്ഞതവണത്തെ ബസ് ചാർജ് വർധന മേഖലയ്ക്ക് ആശ്വാസമേകുന്നുണ്ട്. അടുത്തിടെയായി ഡീസൽ വില ഉയരാത്തതും സഹായകമാണ്. നികുതിനിരക്കുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷയ്ക്കു വകനൽകുന്നു.
പഴയ ബസുകളുടെ പേരിൽ പെർമിറ്റുകൾ സംഘടിപ്പിക്കുന്ന ലോബിയാണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളതെന്നാണ് ബസുടമകളുടെ സംഘടനകളുടെ വാദം. വളരെ പഴയ ബസുകൾ ചുരുങ്ങിയ വിലയിൽ വാങ്ങി പെർമിറ്റ് സംഘടിപ്പിച്ചശേഷം മാസങ്ങൾക്കുള്ളിൽ മറിച്ചുവിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്നവർ മേഖലയിലുണ്ട്. ഇവരാണ് ഇപ്പോൾ വ്യാപകമായി പെർമിറ്റിന് അപേക്ഷിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
