
Perinthalmanna Radio
Date: 05-03-2024
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമി കാണാതെ പുറത്ത്. ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിൽ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡൻഡത്തിലേക്ക് കടന്നു. സഡൻഡത്തിൽ കേരളതാരം സുജിത് പെനാൽറ്റി മിസ്സാക്കി. ഇതോടെ ഷൂട്ടൗട്ടിൽ 7-6 ന് വിജയിച്ച് മിസോറം സെമിയിലേക്ക് മുന്നേറി. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിസോറമിനെ 120-മിനിറ്റും വലകുലുക്കാൻ അനുവദിച്ചില്ലെങ്കിലും സതീവൻ ബാലനും സംഘത്തിനും ഷൂട്ടൗട്ടിൽ കാലിടറി.
യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ആക്രമണ ഫുട്ബോൾ തന്നെയാണ് ഇരുടീമുകളും പുറത്തെടുത്തത്. ആദ്യ മിനിറ്റുകളിൽ തന്നെ മുന്നേറ്റങ്ങൾ കൊണ്ട് പോരാട്ടം കടുത്തു. നാല് സ്ട്രൈക്കർമാരെ കളത്തിലിറക്കിയാണ് മിസോറം തന്ത്രമൊരുക്കിയത്. 4-2-4 ഫോർമേഷനിൽ മിസോറം ഇറങ്ങിയപ്പോൾ 4-4-2 ഫോർമേഷനിലാണ് കേരളം കളിച്ചത്. സർവീസസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽനിന്ന് ആറ് മാറ്റങ്ങൾ വരുത്തിയാണ് കേരളം ക്വാർട്ടറിനിറങ്ങിയത്.
സെന്റർ ഡിഫൻസിൽ ജി. സഞ്ജുവും അഖിൽ ജെ. ചന്ദ്രനും ഇറങ്ങിയപ്പോൾ നിധിൻ മധുവും മുഹമ്മദ് സാലിമും വിങ് ബാക്കുകളായി. സെന്റർ മിഡ്ഫീൽഡിൽ അർജുനൊപ്പം ഗിഫ്റ്റി ഗ്രേഷ്യസ് തന്നെയിറങ്ങി. അബ്ദു റഹീമും മുഹമ്മദ് സഫ്നീദുമായിരുന്നു വിങ്ങർമാർ. സ്ട്രൈക്കർ ഇ. സജീഷ് സസ്പെൻഷനിലായതിനാൽ മുന്നേറ്റനിരയിൽ മുഹമ്മദ് ആഷിഖിനൊപ്പം നരേഷ് ഇറങ്ങി. മുഹമ്മദ് അസ്ഹറായിരുന്നു ഗോൾകീപ്പർ. മാറ്റങ്ങൾക്ക് പക്ഷേ മൈതാനത്ത് ചലനം സൃഷ്ടിക്കാനായില്ല. അവസരങ്ങളുണ്ടാക്കിയെങ്കിലും ഗോൾവലകുലുക്കാൻ സാധിച്ചില്ല.
പ്രതിരോധത്തിനും മുന്നേറ്റത്തിനുമിടയിൽ കണ്ണിപൊട്ടാതെയുള്ള ഗിഫ്റ്റിയുടെ പ്രകടനമാണ് ആദ്യ പകുതിയിൽ കേരളം സൃഷ്ടിച്ച അവസരങ്ങൾക്കു പിന്നിലെ ചാലകശക്തിയായത്. മധ്യനിരയിൽ കയറിയും ഇറങ്ങിയും കളിച്ച ഗിഫ്റ്റി മുന്നേറ്റനിരയ്ക്ക് തുടർച്ചയായി പന്തെത്തിച്ചുനൽകി. 22-ാം മിനിറ്റിൽ ഗിഫ്റ്റി നൽകിയ മികച്ചൊരു ത്രൂ പാസ് മുതലാക്കാൻ ആഷിഖിനും നരേഷിനും സാധിക്കാതെപോയി. ഇതോടൊപ്പം, വിങ്ങിലൂടെയുള്ള റഹീമിന്റെ അതിവേഗ മുന്നേറ്റങ്ങളും മിസോറം പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ആദ്യപകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. കുറിയ പാസുകളിലൂടേയും പന്തടക്കത്തിലൂടേയും എതിരാളികൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്ന പതിവുതന്ത്രം തന്നെയാണ് മിസോറം പുറത്തെടുത്തത്. എന്നാൽ, ബോക്സിനുള്ളിലേക്ക് നീട്ടിനൽകുന്ന ത്രൂ ബോളുകളെ കേരളം വിദഗ്ധമായി പ്രതിരോധിച്ചു. കിട്ടിയ അവസരങ്ങളിൽ വിങ്ങുകളിലൂടെ മുന്നേറ്റവും നടത്തി. പകരക്കാരനായി നിജോയെ കളത്തിലിറക്കിയെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 87-ാം മിനിറ്റിൽ കോച്ച് പിൻവലിക്കുകയും ചെയ്തു.
രണ്ടാം പകുതിയും ഗോൾ കണ്ടെത്താനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 96-ാം മിനിറ്റിൽ മിസോറം വലയിൽ പന്തെത്തിച്ചെങ്കിലും അതിന് മുമ്പ് മിസോറം താരം ഹാൻഡ്ബോളായതിനാൽ ഗോൾ അനുവദിച്ചില്ല. എക്സ്ട്രാ ടൈമിലും ഇതേ നില തുടർന്നതോടെ വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടിൽ കേരളത്തെ പരാജയപ്പെടുത്തി മിസോറം സെമി ടിക്കറ്റെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
