
Perinthalmanna Radio
Date: 06-03-2024
തപാൽ ച്ചെലവിന് കാശില്ലാത്തതിനാൽ, നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങൾക്കുള്ള മറുപടി നവകേരള വെബ്സൈറ്റിലിട്ട് ബാധ്യതയൊഴിവാക്കുന്നതായി പരാതി. റവന്യു ഓഫീസുകളിൽ അപേക്ഷകൾക്കുള്ള മറുപടി പ്രിന്റ് എടുക്കാനുള്ള പേപ്പർ വാങ്ങുന്നതിന്റെയും തപാൽ അയയ്ക്കാൻ സ്റ്റാമ്പും കവറും വാങ്ങുന്നതിന്റെയും ചെലവ് ഉദ്യോഗസ്ഥരുടെ ചുമലിലാണ്. ഇതാണ് വെബ്സൈറ്റിടുന്നതിന്റെ കാരണം.
ഒരു നിയമസഭാ മണ്ഡലത്തിൽ 5000 മുതൽ 10,000 വരെ അപേക്ഷകൾക്ക് മറുപടി അയക്കേണ്ടതായി വരുന്നുണ്ട്. വിവിധ റവന്യു ഓഫീസുകളിലേക്ക് വീതിച്ച് നൽകുമ്പോഴും 2000 അപേക്ഷകൾക്കുവരെ മറുപടി കൊടുക്കേണ്ടതായിവരും. ചിലയിടങ്ങളിൽ സ്റ്റാഫ് ഫണ്ടിൽനിന്ന് പണം ചെലവഴിച്ച് മറുപടി തപാലിൽ അയയ്ക്കുന്നുണ്ട്. നേരിട്ട് എത്തുന്നവർക്ക് പ്രിന്റെടുത്ത് നൽകുന്നുണ്ട്.
പീരുമേട് എൽ.എ. ഓഫീസ് പോലെ തുടർച്ചാനുമതി ലഭിക്കാത്തതിനാൽ ശമ്പളംകിട്ടാത്ത റവന്യു ഓഫീസുകളുമുണ്ട്. ഇവിടങ്ങളിലെ ഉദ്യോഗസ്ഥർ തപാൽ മറുപടി പൂർണമായി ഒഴിവാക്കി, വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകമാത്രമാണ് ചെയ്യുന്നത്. ഈ സമയത്ത് അപേക്ഷകരുടെ ഫോണിൽ എസ്.എം.എസ്. ലഭിക്കാറുണ്ട്. എന്നാൽ പോർട്ടലിൽ കയറിനോക്കാൻ അക്ഷയ കേന്ദ്രങ്ങളിൽ എത്തിയാൽ ഫീസ് നൽകേണ്ടിവരും.
ചികിത്സാ സഹായധനം അപേക്ഷകളിൽ തപാലിൽ മറുപടി അയക്കണമെന്ന് നിർദേശമുള്ളതാണ്. നവകേരള സദസ്സ് പോർട്ടലിലെ ഡോക്കറ്റ് നമ്പർ, സി.എം.ഡി.ആർ.എഫ്. പോർട്ടലിലെ ഡോക്കറ്റ് നമ്പർ എന്നിവ രേഖപ്പെടുത്തി അപേക്ഷ പരിശോധിച്ചുവരുകയാണെന്ന് കാട്ടി വേണം തപാലിൽ മറുപടി അയക്കാൻ. അപേക്ഷയുടെ തത്‌സ്ഥിതി അറിയുന്ന പോർട്ടലിന്റെ മേൽവിലാസവും അപേക്ഷകരെ അറിയിക്കണം.
‘പേപ്പർ രഹിത’ ഓഫീസുകളായതോടെ വില്ലേജ് ഓഫീസുകളിലുംമറ്റും പേപ്പർ വാങ്ങാൻ പണംനൽകാറില്ല. ‘പ്രിന്റർ നന്നാക്കി’യത് അടക്കമുള്ള വൗച്ചറുകൾ നൽകി പേപ്പർ വാങ്ങാൻ പണം കൈപ്പറ്റിക്കൊള്ളാൻ താലൂക്ക്തല പ്രതിമാസ യോഗങ്ങളിൽ പറയുന്നുണ്ട്.
കാര്യസാധ്യത്തിന് പ്രത്യുപകാരം ചെയ്യാൻ സന്നദ്ധരായി വരുന്നവരിൽനിന്ന് ഉപഹാരമായി തപാൽ കവറും പേപ്പറുമെല്ലാം വാങ്ങാറുണ്ടെന്ന് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
