
Perinthalmanna Radio
Date: 10-03-2024
പെരിന്തൽമണ്ണ ∙ യുവാവിന് വൃക്ക മാറ്റിവയ്‌ക്കലിനു സഹായം നൽകുന്നതിനായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര. ചെറുകരയിലെ മാമ്പറ്റ രമേഷിന്റെ (38) ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് രണ്ടു വർഷത്തിലേറെയായി ചികിത്സയിലാണ്. ഒന്നിടവിട്ട ദിവസങ്ങളിലെ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്.
കരിങ്കൽത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് 6 പേരടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. സഹോദരി വൃക്ക ദാനം ചെയ്യാൻ തയാറാണ്. പണമാണ് പ്രതിസന്ധി. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.
വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്കും അനുബന്ധ ചെലവുകൾക്കുമായി വരുന്ന ഭീമമായ സംഖ്യ ഈ കുടുംബത്തിനു സ്വപ്നം കാണാൻ പോലുമാകാത്തതാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ വാർഡംഗം കെ.ഭാരതി ചെയർമാനും ഷൈശാദ് തെക്കേതിൽ കൺവീനറും സുധീർ ഐലക്കാടൻ ട്രഷററുമായി മാമ്പറ്റ രമേഷ് ചികിത്സാസഹായ സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്.
ഇതോടൊപ്പമാണ് ബസുകളുടെ കാരുണ്യയാത്ര. ചെർപ്പുളശ്ശേരി–പെരിന്തൽമണ്ണ–എടത്തനാട്ടുകര–കരുവാരകുണ്ട് റൂട്ടിൽ സർവീസ് നടത്തുന്ന അറഫ ബസ് കഴിഞ്ഞ ദിവസം കാരുണ്യയാത്ര നടത്തി. പട്ടാമ്പി– ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന തവയ്ക്കലും മുതുകുർശി–പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന ഐനൂസും നാളെയാണ് കാരുണ്യയാത്ര നടത്തുക.
ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് പെരിന്തൽമണ്ണ ശാഖയിൽ 402131010184355 (ഐഎഫ്‌എസ്‌സി: കെഎൽജിബി0040213) എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
