വേനൽച്ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കും

Share to

Perinthalmanna Radio
Date: 12-03-2024

പെരിന്തൽമണ്ണ: വരും ദിവസങ്ങളിൽ താപനില കൂടാൻ സാധ്യതയുള്ളതിനാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലെ തീരുമാന പ്രകാരമുള്ള അടിയന്തര നടപടികൾ നഗരസഭ സ്വീകരിക്കും. ജലലഭ്യത ഉറപ്പാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാട്ടർ ബെൽ സമ്പ്രദായം ഉറപ്പാക്കുക, ക്വാറികളിലെ ജലം ഗുണമേന്മ പരിശോധിച്ച് ഉപയോഗക്ഷമമാക്കുക, പൊതുഇടങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കും ജലം ലഭ്യമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

വാർധക്യകാല പെൻഷൻ ലഭിക്കുന്നതിനായി നഗരസഭയിൽ സമർപ്പിച്ച 22 അപേക്ഷകളിൽ 17 എണ്ണം അംഗീകരിച്ചു. വിവിധ കാരണങ്ങളാൽ അഞ്ചെണ്ണം നിരസിച്ചു. ഭിന്നശേഷി പെൻഷനും വിധവാ പെൻഷനും അനുവദിക്കുന്നതിനുള്ള ഓരോ അപേക്ഷകളും അംഗീകരിച്ചു. വിവിധ വാർഡുകളിൽ ലൈൻ വലിച്ച് വൈദ്യുതി കണക്‌ഷൻ നൽകുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ച് നടപടിയെടുക്കാൻ പൊതുമരാമത്ത് സ്ഥിരംസമിതിയെ ചുമതലപ്പെടുത്തി. പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ച് യൂണിറ്റ് പോർട്ടബിൾ ടോയ്‌ലറ്റുകൾ നിർമിക്കുന്നതിന് അനുമതി നൽകി. ഒലിങ്കരയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് മാലിന്യ സംവിധാനത്തിന്റെ പ്രവർത്തനം പരിശോധിക്കണമെന്ന് അംഗം എം.എം. സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു.

അനുമതി ലഭിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികൾ 15-നകം പൂർത്തിയാക്കുന്നതിന് വാർഡ് കൗൺസിലർമാരുടെ നിരന്തര ഇടപെടൽ ആവശ്യമാണെന്നും അല്ലാത്തപക്ഷം പദ്ധതി കാലയളവിൽ പ്രവൃത്തികൾ പൂർത്തിയാക്കാനാവില്ലെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അറിയിച്ചു. നഗരസഭയുടെ മുൻ അധ്യക്ഷൻ കെ.ടി. നാരായണൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചാണ് യോഗം തുടങ്ങിയത്. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *