ഷൊർണൂർ- നിലമ്പൂർ പാതയിൽ രണ്ട് ക്രോസിങ് സ്റ്റേഷനുകൾക്ക് അനുമതി

Share to



Perinthalmanna Radio
Date: 15-03-2024

അങ്ങാടിപ്പുറം: ഷൊർണൂർ-നിലമ്പൂർ ഒറ്റവരി റെയിൽവേ പാതയിൽ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ എന്ന ദീർഘനാളത്തെ ആവശ്യത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. ഇപ്പോഴുള്ള ഏകദേശം 28 കി.മീ. ദൂരമുള്ള ബ്ലോക്ക് സെക്ഷനുകളുടെ കൃത്യം നടുവിൽ 14-ാം കിലോമീറ്ററിൽ കുലുക്കല്ലൂരും 41-ാം കിലോമീറ്ററിൽ മേലാറ്റൂരുമാണ് പുതിയ ക്രോസിങ് സ്റ്റേഷനുകളാകുക. അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകളിലാണ് ക്രോസിങ് നിലവിലുള്ളത്. ഇത് യഥാക്രമം 28 കിലോമീറ്ററിലും 55 കിലോമീറ്ററിലുമാണ്. 66 കിലോമീറ്ററാണ് ഷൊർണൂർ-നിലമ്പൂർ പാതയുടെ ദൈർഘ്യം.

ഇന്ത്യയിൽ എല്ലായിടത്തും അഞ്ച്, എട്ട് അല്ലെങ്കിൽ പരമാവധി 10 കി.മീ. കൂടുമ്പോൾ ക്രോസിങ് സൗകര്യം നിലവിലുണ്ട്. 66 കിലോമീറ്ററുള്ള ഷൊർണൂർ-നിലമ്പൂർ പാതയിൽ ഷൊർണൂർ വിട്ടാൽ ഒരു വണ്ടി ക്രോസ് ചെയ്യാൻ 28 കി.മീ. ഓടി അങ്ങാടിപ്പുറം എത്തണം. അടുത്ത ക്രോസിങ്ങിന് അവിടെനിന്ന് പിന്നെയും 27 കി.മീ. ഓടി വാണിയമ്പലത്തെത്തണം.

14 യാത്രാവണ്ടികളും അങ്ങാടിപ്പുറം എഫ്.സി.ഐ.യിലേക്കും നിലമ്പൂർ ഗുഡ്‌സ്‌ ഷെഡ്ഡിലേക്കും തിരിച്ചുമുള്ള ചരക്കുവണ്ടികൾ തടസ്സമില്ലാതെ ഓടാൻ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ അനിവാര്യമായിരുന്നു. അതാണിപ്പോൾ സഫലമായത്.

നിരന്തരമായുള്ള പരാതികൾ കാരണം 2007 മുതൽ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾക്ക് വേണ്ടി പാലക്കാട് ഡിവിഷൻ ശുപാർശ ചെയ്തിരുന്നു. 2017 മുതൽ പാലക്കാട് ഡിവിഷൻ എല്ലാ വർഷവും വാർഷിക വർക്‌സ് പ്രോഗ്രാമിൽ ഇവ ഉൾപ്പെടുത്താൻ ചെന്നൈ സോണൽ ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെന്നൈയിൽനിന്ന് അനുകൂല ശുപാർശ ന്യൂഡൽഹി റെയിൽവേ ബോർഡിൽ പോകാത്തതുകൊണ്ടാണ് ഇത്രയും കാലം അനുമതി ലഭിക്കാതിരുന്നത്.

പി.വി. അബ്ദുൾ വഹാബ് എം.പി.യും ഈ വിഷയത്തിൽ വലിയ പരിശ്രമം നടത്തി. നിരന്തരം പാലക്കാട്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കത്തുകളയച്ചു. ഈ വിഷയം ഉന്നയിച്ച് എം.പി. റെയിൽവേ ബോർഡ് ഉന്നത ഉദ്യോഗസ്ഥരെയും റെയിൽവേ മന്ത്രിയെയും നേരിട്ട് കണ്ടിരുന്നു. അബ്ദുസ്സമദ് സമദാനി എം.പി. റെയിൽവേ മന്ത്രിയോടും റെയിൽവേ അധികാരികളോടും ഈ വിഷയം ഉന്നയിച്ചിരുന്നു. ഷൊർണൂർ-നിലമ്പൂർ പാതയിലെ വികസനത്തിനായി നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചും പരിശ്രമങ്ങൾ നടത്തിയും മുന്നോട്ടുപോകുന്ന നിലമ്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും പരിശ്രമത്തിന്റെ വിജയംകൂടിയാണിത്. ക്രോസിങ് സ്റ്റേഷനുകൾക്ക് അനുമതി നൽകിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് അധികാരികൾ, അനുകൂല ശുപാർശ നൽകിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങ്, ചെന്നൈ സോണിലെയും പാലക്കാട് ഡിവിഷനിലെയും ഉദ്യോഗസ്ഥർ എന്നിവർക്ക് ആക്ഷൻ കൗൺസിൽ നന്ദി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *