
Perinthalmanna Radio
Date: 16-03-2024
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് നവീകരണ പൂർത്തീകരണത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വിലങ്ങ് തടിയാവാൻ സാധ്യത. അങ്ങാടിപ്പുറം- വളാഞ്ചേരി റൂട്ടിലെ മാലാപറമ്പ് പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെ എട്ട് കിലോമീറ്റർ റോഡ് നവീകരണം രണ്ട് ഘട്ടങ്ങളായി നടത്താൻ 12 കോടി രൂപ അനുവദിച്ചിരുന്നു. പ്രവർത്തന സാങ്കേതിക അനുമതി ഇത് വരെയും ലഭിച്ചിട്ടില്ല. തുടർന്ന് ടെൻഡർ അടക്കം പ്രവൃത്തികൾ നടക്കണം. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ റോഡ് നവീകരണം പോലുള്ള വികസന പ്രവൃത്തികൾ നടത്താൻ പറ്റാതാകും. തെരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും കഴിയുന്നതോടെ കാല വർഷത്തിനും തുടക്കമാവും. ഇതോടെ അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ ബാക്കി വന്ന എട്ട് കിലോമീറ്റർ റോഡിന്റെ നവീകരണം അനിശ്ചിതമായി നീളാനാണ് സാധ്യത.
അങ്ങാടിപ്പുറം മുതൽ വെങ്ങാട് ഗോകുലം വരെ തകർന്ന റോഡിൻ്റെ നവീകരണ പ്രവർത്തനം തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു. ആദ്യ ഘട്ടം മൂന്ന് കോടി ചെലവഴിച്ച് അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി പള്ളിപ്പടി വരെയും ഒന്നര വർഷത്തിന് ശേഷം അഞ്ച് കോടി ചെലവഴിച്ച് പുത്തനങ്ങാടി പള്ളിപ്പടി മുതൽ മാലാപറമ്പ് പാലച്ചോട് വരെയുമാണ് ഇതിനകം നവീകരണം പൂർത്തിയാക്കിയത്. ബാക്കി വന്ന എട്ട് കി ലോമീറ്റർ നവീകരണമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അനിശ്ചിതത്വത്തിൽ ആകുക. എന്നാൽ മാലാപറമ്പ് പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള തകർന്ന റോഡിലെ കുഴിയടക്കൽ പ്രവൃത്തിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
