വള്ളുവനാടിന്റെ പൂരം പുറപ്പെട്ടു; തിരുമാന്ധാംകുന്നിൽ ഇനി ഉത്സവ നാളുകൾ

Share to



Perinthalmanna Radio
Date: 18-03-2024

അങ്ങാടിപ്പുറം: വള്ളുവനാടിന്റെ ഉത്സവമായ, 11 ദിവസം നീളുന്ന തിരുമാന്ധാംകുന്ന് പൂരത്തിന്റെ പുറപ്പാട് ഭക്തിസാന്ദ്രം. ഭഗവതി ആദ്യ ആറാട്ടെഴുന്നള്ളിപ്പിന് ക്ഷേത്രത്തിന്റെ വടക്കേ നടയിറങ്ങിയപ്പോൾ ഭക്തജനസഹസ്രങ്ങൾ പ്രാർഥനാപൂർവം തൊഴുകൈകളുമായി വരവേറ്റ് അകമ്പടിയേകി. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് പൂരം പുറപ്പാടിന് അനുഭവപ്പെട്ടത്.

ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പുറപ്പാട് പൂജയ്‌ക്കു ശേഷം ദേവിയുടെ തിടമ്പ് മാതൃശാലയിൽനിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ പ്രാർഥന വാനിലുയർന്നു.

ഗജരാജൻ ചിറ്റേപ്പുറത്ത് ശ്രീക്കുട്ടൻ ഭഗവതിയുടെ തിടമ്പേറ്റി. ഗജവീരന്മാരായ വേണാട് നീലകണ്ഠനും തിരുവേഗപ്പുറ ശങ്കരനാരായണനും അകമ്പടിക്കാരായി. എഴുന്നള്ളിപ്പ് ക്ഷേത്രം വലംവച്ച് ആറാട്ടുകടവിലേക്ക് നീങ്ങിയപ്പോൾ ഭഗവതിയുടെ പ്രതിപുരുഷന്മാരായി എടപ്പറ്റ ഗോവിന്ദൻ നായരും മണ്ണിങ്ങൽ ശ്രീധരൻ നായരും പുളിക്കൽ നാരായണനും പൂക്കാട് ഗോവിന്ദൻകുട്ടിയും കോമരങ്ങളായി ഉറഞ്ഞുതുള്ളി ദേവിയുടെ അരുളപ്പാടേകി.

രാജപ്രതിനിധികളും ദേവസ്വം അധികൃതരും എഴുന്നള്ളിപ്പിന്റെ ഭാഗമായി. ആറാട്ടുകടവിൽ പന്തലക്കോടത്ത് സജി നമ്പൂതിരി ആറാട്ടുപൂജ നടത്തി.

കത്തുന്ന വെയിലിനെ വകവയ്ക്കാതെ ഭക്തർ എഴുന്നള്ളിപ്പിനും ആറാട്ടിനും സാക്ഷ്യം വഹിച്ചു. ആറാട്ടിനു ശേഷം പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ പൂരം കൊട്ടിക്കയറി. ക്ഷേത്രം വലംവച്ച് ദേവിയെ മാതൃശാലയിലേക്ക് ആനയിച്ചു.

രാത്രി ദേവിയുടെ രണ്ടാമത്തെ ആറാട്ടെഴുന്നള്ളിപ്പിലും ഭക്തജനത്തിരക്കുണ്ടായി. ആറാട്ടുകടവിൽ ശ്രീപ്രിയ ശ്രീനി പൊതുവാളിന്റെയും പാർവതി ശ്രീനി പൊതുവാളിന്റെയും ഡബിൾ തായമ്പക രാത്രിയിലെ വിശേഷ വിരുന്നായി. പാണ്ടിമേളത്തോടെയായിരുന്നു കൊട്ടിക്കയറ്റം.

ഇന്നലെ രാവിലെ നങ്ങ്യാർക്കൂത്തോടെയായിരുന്നു ഉത്സവ തുടക്കം. കൂത്തുപുറപ്പാട്, പോരൂർ ഉണ്ണിക്കൃഷ്‌ണന്റെയും ചെറുതാഴം ചന്ദ്രന്റെയും ഡബിൾ തായമ്പക, ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം എന്നിവ നടന്നു. ശ്രീഭൂതബലിക്കു ശേഷം കളംപാട്ടോടെയായിരുന്നു ആദ്യദിന ഉത്സവ സമാപനം.

രാവിലെ 8.00: നങ്ങ്യാർക്കൂത്ത്, 9.30: കൊട്ടിയിറക്കം, വൈകിട്ട് 3.00: ചാക്യാർക്കൂത്ത്, 4.00: ഓട്ടൻതുള്ളൽ, 5.00: സാംസ്‌കാരിക സമ്മേളനം–മാന്ധാദ്രി പുരസ്‌കാര സമർപ്പണം, 8.30: തായമ്പക, കേളി, കൊമ്പുപറ്റ്, 9.30: കൊട്ടിയിറക്കം, 10.00: നൃത്തനിശ.

രണ്ടാം പൂര ദിവസമായ ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി കെ.രാധാകൃഷ്‌ണൻ കെ. എസ്.ചിത്രയ്‌ക്കു ദേവസ്വത്തിന്റെ ഈ വർഷത്തെ മാന്ധാദ്രി പുരസ്‌കാരം സമർപ്പിക്കും. സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ആധ്യക്ഷ്യം വഹിക്കും. തിരുമാന്ധാംകുന്നിലമ്മയെ കുറിച്ച് ഒട്ടേറെ ഗാനങ്ങളെഴുതിയ ഭക്തിഗാന രചയിതാവ് പി.സി.അരവിന്ദൻ, അര നൂറ്റാണ്ടിലേറെ കാലമായി ദേവിയുടെ പ്രതിപുരുഷനായി എഴുന്നള്ളിപ്പുകളിൽ സജീവ സാന്നിധ്യമായ എടപ്പറ്റ ഗോവിന്ദൻ നായർ, കഴകം മുതുവറ നാരായണൻ നമ്പീശൻ എന്നിവരെയും ആദരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *