
Perinthalmanna Radio
Date: 20-03-2024
പെരിന്തൽമണ്ണ : ചേലാമലയിൽ അലിഗഢ് കാമ്പസ് നിൽക്കുന്ന കുന്നുംപുറത്ത് ടാങ്ക് സ്ഥാപിച്ച് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പിങ് നടത്തി ശുദ്ധീകരിച്ച് വിതരണം നടത്തുന്ന രാമൻചാടി ശുദ്ധജല പദ്ധതിക്ക് ഇനി കാത്തിരിപ്പ് വൈദ്യുതി ലഭിക്കാൻ. ആറു കോടിയുടെ പദ്ധതി കിഫ്ബിക്ക് നൽകിയിട്ടുണ്ടെങ്കിലും അംഗീകാരമായിട്ടില്ല. പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, അങ്ങാടിപ്പുറം, ആലിപ്പറമ്പ് പഞ്ചായത്തുകളിലാണ് വെള്ളമെത്തേണ്ടത്. 2020ൽ 93 കോടിയുടെ പദ്ധതി തുടങ്ങിയപ്പോൾ 2022 മാർച്ചിൽകമീഷൻ ചെയ്യുമെന്നായിരുന്നു ഉറപ്പ്. രണ്ടു വർഷം പിന്നിട്ടിട്ടും പദ്ധതിയിൽ വെള്ളം ചുരത്തുന്നത് നോക്കിയിരിക്കുകയാണ് നൂറുകണക്കിന് കുടുംബങ്ങൾ. അലിഗഢ് കാമ്പസ് സൈറ്റിൽ സ്ഥാപിച്ച ജല സംഭരണിയിലേക്ക് പമ്പിങ് നടത്തി ശുദ്ധീകരിച്ച് നഗര പ്രദേശത്തേക്ക് സ്വാഭാവികമായി ജലമൊഴുക്കി വിടുന്നതാണ് പദ്ധതി.
കാമ്പസിൽ ഒന്നര ഏക്കർ ഭൂമി ഇതിന് അനുവദിച്ചി ട്ടുണ്ട്. 23 എം.എൽ.ഡി വെള്ളമാണ് പ്രതിദിനം ഉൽപാദിപ്പിക്കുക. പദ്ധതിയിൽ നിന്നും 11 എം.എൽ.ഡി പെരിന്തൽമണ്ണ നഗരസഭക്കും നാല് എം.എൽ.ഡി വീതം സർവകലാശാലക്കും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകൾക്കും ആണ്. ആദ്യ ഘട്ടത്തിൽ പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, അലിഗഢ് എന്നിവക്കാണ് വെള്ളം എത്തിക്കുക. നിലവിലെ കട്ടുപ്പാറ പദ്ധതിയിൽ 3.5 എം.എൽ.ഡി ശേഷിയുള്ള അർബൻ ജലവിതരണ സംവിധാനം നലവിലുണ്ട്. ഇതാണ് 23 എം.എൽ.ഡി ആയി മാറുന്നത്. പെരിന്തൽമണ്ണയിൽ നിന്ന് ഏലംകുളം രാമൻചാടി കടവുവരെ എട്ട് കി.മീ പുതിയ ഫീഡറിനുള്ള വലിയ ലൈൻ വലിക്കാൻ ആറു കോടിയുടെ പദ്ധതിക്ക് അനുമതി തേടിയിട്ടുണ്ട്. അങ്ങാടിപ്പുറവും ആലിപ്പറമ്പും രണ്ടാം ഘട്ടത്തിലേ ഉണ്ടാവൂ. പെരിന്തൽമണ്ണ ടൗണിലെ അർബൻ ജല വിതരണ പദ്ധതിയിൽ പഴകിയ എ.സി പൈപ്പുകൾ മുഴുവനായി മാറ്റി ജി.ഐ പൈപ്പുകൾ സ്ഥാപിച്ചു. 47 കിലോ മീറ്റർ വരുന്ന ഈ വിതരണ പൈപ്പുകൾ മാറ്റുന്നതിന് 37 കോടിയാണ് ചെലവിട്ടത്. കിണർ, പമ്പുസെറ്റ്, ട്രീറ്റ്‌മെൻ്റ് പ്ലാന്റ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയായി. ശുചീകരണശാല, കിണർ, കിണറ്റിൽ നിന്ന് പമ്പിങ് മെയിൻ, പാതായ്ക്കര ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിൻ, ഏലംകുളം പഞ്ചായത്തിലേക്കുള്ള പൈപ്പ് എന്നിവ പൂർത്തിയാക്കി. താഴെയുള്ള കിണർ സൈറ്റ്, ഉയരം കൂടിയതിനാൽ ഇടയിൽ സ്ഥാപിച്ച ബൂസ്റ്റർ പമ്പിങ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഉയർന്ന അളവിൽ വൈദ്യുതി എത്തണം. പമ്പ് സെറ്റുകളുടെ ടെൻഡർ കഴിഞ്ഞു. കിണറിനു സമീപവും ബൂസ്റ്റർ യൂനിറ്റിലുമായി അവ സ്ഥാപിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
