
Perinthalmanna Radio
Date: 21-03-2024
പെരിന്തൽമണ്ണ: സാമ്പത്തിക വർഷം അവസാനിക്കാൻ പത്തു ദിവസം കൂടി ബാക്കിനിൽക്കെ ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളുടെ വസ്തു നികുതി (കെട്ടിട നികുതി) പിരിവ് അൻപത് ശതമാനം പോലും പിന്നിട്ടില്ല. നഗരസഭകളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. ഇതുവരെ 25% നികുതി പോലും പിരിച്ചെടുക്കാനായില്ല.
നഗരസഭകളിൽ കെ–സ്മാർട്ട് സംവിധാനം നടപ്പാക്കിയതാണു നികുതിപിരിവ് പിന്നോട്ടടിക്കാൻ കാരണം. ജില്ലയിൽ ഈ സാമ്പത്തിക വർഷം (2023–24) തദ്ദേശസ്ഥാപനങ്ങൾ പിരിച്ചെടുക്കേണ്ടത് 147.34 കോടി രൂപയാണ്. ഇതിൽ ഇന്നലെ വരെ പിരിച്ചെടുത്തത് 73.08 കോടി (49.57%). ഇനിയും 74.31 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്.
ജില്ലയിലെ പഞ്ചായത്തുകൾ കെട്ടിടനികുതി 75 ശതമാനത്തിലധികം പിരിച്ചെടുത്തിട്ടുണ്ട്. 94 പഞ്ചായത്തുകൾക്കു 72.16 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. ഇതിൽ 54.71 കോടി രൂപ (75.74%) പഞ്ചായത്തുകൾ പിരിച്ചെടുത്തിട്ടുണ്ട്. 12 നഗരസഭകൾ 75.18 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. ഇതുവരെ 18.37 കോടി രൂപയാണ് സമാഹരിച്ചത്. ആകെ 24.44 ശതമാനം മാത്രം. ഈ മാസം 31 വരെയാണ് കെട്ടിട നികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സൗകര്യം. ഇതിനുശേഷം പിഴയും ഡിമാൻഡ് നോട്ടിസ് ചാർജ് നൽകിയാണ് കുടിശിക നികുതി ഒടുക്കേണ്ടി വരിക.
സംസ്ഥാനതലത്തിലെ കണക്കെടുത്താലും നികുതി പിരിവ് കാര്യക്ഷമമല്ല. ആകെ പിരിച്ചെടുക്കേണ്ട 2639.27 കോടിയിൽ 905.83 കോടി രൂപ (34.32%)യാണ് പിരിച്ചെടുത്തത്. ഇവിടെയും നഗരസഭകളുടെ നികുതി പിരിവ് പരിതാപകരമാണ്. 22.23% മാത്രമാണ് പിരിച്ചെടുത്തത്. സംസ്ഥാനത്തെ ഒരു നഗരസഭയും ഇന്നലെ വരെ 50% നികുതി പിരിച്ചെടുത്തിട്ടില്ല.
ജില്ലയിൽ കോട്ടയ്ക്കൽ നഗരസഭയാണ് നികുതി പിരിവിൽ മുൻപിൽ. കോട്ടയ്ക്കൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. 2.9156 കോടി രൂപയിൽ 1.2389 കോടി രൂപ (42.49%) പിരിച്ചെടുത്തു. പഞ്ചായത്തുകളിൽ ജില്ലയിൽ തവനൂരാണ് മുൻപിൽ. 94.62% നികുതി പിരിച്ചെടുത്തു. സംസ്ഥാനത്ത് എടമലക്കുടി, ഓഞ്ചിയം പഞ്ചായത്തുകൾ നൂറുശതമാനം നികുതിയും പിരിച്ചെടുത്തിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
