ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തു

Share to



Perinthalmanna Radio
Date: 21-03-2024

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്രിവാളിന്റെ വീട്ടിൽ 12 അംഗ ഇ.ഡി സംഘം സെർച്ച് വാറണ്ടുമായെത്തിയിരുന്നു.

കെജ്രിവാളിന് അറസ്റ്റിൽനിന്നും ഇടക്കാല സംരക്ഷണം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിൽ ഇ.ഡി സംഘമെത്തിയത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

ഇ.ഡി തുടർച്ചയായി അയക്കുന്ന സമൻസുകൾക്ക് എതിരെയാണ് കെജ്രിവാൾ കോടതിയെ സമീപിച്ചിരുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹർജി ഏപ്രിൽ 22 ന് വാദം കേൾക്കുമെന്നും അറിയിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമൻസുകളാണ് ഇ.ഡി. ഇതുവരെ അയച്ചത്. എന്നാൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമൻസ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഡൽഹി മദ്യനയ കേസിന്റെ കുറ്റപത്രത്തിൽ പലതവണ കെജ്രിവാളിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം.

2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികൾ കെജ്രിവാളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇ.ഡി. പറയുന്നു. കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാർട്ടിയുടെ കമ്യൂണിക്കേഷൻ ഇൻ-ചാർജ് വിജയ് നായർ, ചില മദ്യവ്യവസായികൾ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

തെലങ്കാനയിലെ ബി.ആർ.എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കെജ്രിവാളും സിസോദിയയും ഉൾപ്പെടെയുള്ള എ.എ.പി. നേതാക്കളുമായി ചേർന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി. പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *