രാത്രി ഏഴര കഴിഞ്ഞാൽ പിന്നെ പെരിന്തൽമണ്ണയിൽ നിന്ന് ബസ് യാത്ര കഠിനം

Share to



Perinthalmanna Radio
Date: 24-03-2024

പെരിന്തൽമണ്ണ: വൈകിട്ട് ഏഴര കഴിഞ്ഞാൽ പിന്നെ പെരിന്തൽമണ്ണയിൽ നിന്ന് ബസ് യാത്ര കഠിനം. വിവിധ ഭാഗങ്ങളിലേക്ക് ബസില്ലെന്ന് മാത്രമല്ല, ഉള്ള ബസുകൾ ബസ് സ്‌റ്റാൻഡിൽ കയറുകയുമില്ല. ബസുകൾ തേടി ടൗണിൽ നാലു റോഡുകളിലും യാത്രക്കാർ പരക്കം പായുന്നത് സ്ഥിരം കാഴ്‌ച.

പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിൽ രാത്രി പെർമിറ്റുള്ള ബസുകളുണ്ടെങ്കിലും ഏഴു കഴിഞ്ഞാൽ പല സർവീസുകളും മുടക്കും. പല തവണ ഈ വിഷയത്തിൽ പരാതി നൽകിയതായും താലൂക്ക് വികസന സമിതിയിൽ ഉൾപ്പെടെ ഉന്നയിച്ചതായും യാത്രക്കാരനായ ഹംസ പാലൂർ പറയുന്നു.

പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിൽ രാത്രി 7.10 ന് ശേഷം ബസില്ല. മറ്റ് ചില ബസുകൾക്ക് രാത്രി പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്നില്ല. അതിനു ശേഷം കൊളത്തൂർ വരെ പോകുന്ന ചില ബസുകളുണ്ട്. എന്നാൽ ഇവയിൽ ഏത് ഓടും ഏത് ഓടില്ലെന്ന് പറയാനാകില്ല.

ഈ ബസുകൾ ബസ് സ്‌റ്റാൻഡിൽ കയറില്ല. ടൗണിലെവിടെ നിന്നെങ്കിലും യാത്ര തുടങ്ങും. മലപ്പുറം റോഡിൽ നിന്ന് യാത്രക്കാർ തേടിപ്പിടിക്കണം.

പെരിന്തൽമണ്ണ– ചെർപ്പുളശ്ശേരി റൂട്ടിലും ഇതുതന്നെ സ്ഥിതി. രാത്രികാല സർവീസുകളേറെയും റദ്ദാക്കുകയാണ്. പാണ്ടിക്കാട്, മേലാറ്റൂർ റൂട്ടിലും സ്ഥിതി വ്യത്യസ്‌തമല്ല.

ചില റൂട്ടിൽ ഒരേ കമ്പനിയുടെ ബസുകൾക്കാണ് രാത്രി സർവീസുകൾ. ഇവയിൽ ചിലത് മാത്രമേ ഓടൂ.

ഏഴരയ്‌ക്ക് ശേഷം സ്വകാര്യ ബസ് തേടി ആരെങ്കിലും ബസ് സ്‌റ്റാൻഡിലെത്തിയാൽ ഭയന്നോടേണ്ടി വരും.

കാരണം ആവശ്യമായ വെളിച്ചം പോലുമില്ലാതെ വിജനമായി കിടക്കുന്ന ബസ് സ്‌റ്റാൻ‍ഡ് പിന്നീട് സാമൂഹിക വിരുദ്ധർക്കും തെരുവു നായ്‌ക്കൾക്കുമാണ് താവളം.

പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാത്രികാല ലോക്കൽ സർവീസുകൾ ഇല്ലാത്തതിനാൽ ആകെ ആശ്രയം ഈ സ്വകാര്യ ബസുകളാണ്.

യാത്രക്കാരില്ലാത്തതിനാൽ വലിയ നഷ്ടം മൂലമാണ് പലപ്പോഴും യാത്ര റദ്ദാക്കേണ്ടി വരുന്നതെന്നാണ് ബസുകാരുടെ ന്യായം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *