നിലമ്പൂർ –ഷൊർണൂർ പാതയിൽ വൈദ്യുതി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയം

Share to

Perinthalmanna Radio
Date: 31-03-2024

അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ പാതയിൽ ആദ്യ വൈദ്യുതി ട്രെയിനിന് വിജയകരമായ ഓട്ടം. നിലമ്പൂരിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് ഇന്നലെ വൈകിട്ട് 3.26ന് പുറപ്പെട്ട വൈദ്യുതി എൻജിൻ ഘടിപ്പിച്ച ട്രെയിൻ കൂകിപ്പാഞ്ഞത് ചരിത്രത്തിലേക്ക്. 97 വർഷം പിന്നിട്ട ഈ പാത കൂടി വൈദ്യുതീകരിച്ചതോടെ പാലക്കാട് ഡിവിഷനിൽ സമ്പൂർണ വൈദ്യുതീകരണമായി. എങ്കിലും നിലമ്പൂർ പാതയിലൂടെ വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങാൻ അൽപം കൂടി കാത്തിരിക്കേണ്ടി വരും.

പാത വൈദ്യുതീകരണത്തിന്റെ പരിശോധനകളുടെ ഭാഗമായുള്ള സ്പീഡ് ട്രയൽ ആണ് ഇന്നലെ നടന്നത്. ചെന്നൈയിൽ നിന്നുള്ള പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ (പിസിഇഇ) എ.കെ.സിദ്ധാർഥ, റെയിൽവേ വൈദ്യുതീകരണത്തിന്റെ ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ദിഗേ, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ (എഡിആർഎം) എസ്.ജയകൃഷ്ണൻ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

2 വർഷമായി പാതയിൽ വൈദ്യുതീകരണ ജോലികൾ നടക്കുന്നു. ഇന്നലെ രാവിലെയാണ് ആദ്യമായി വൈദ്യുതി കടത്തിവിട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ വൈദ്യുതി എൻജിൻ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലെത്തിച്ചു. കോട്ടയം– നിലമ്പൂർ എക്സ്പ്രസിൽ ഘടിപ്പിച്ചാണ് ഇതു കൊണ്ടുവന്നത്. പാതയിൽ ഷോട് സർക്യൂട്ട് ടെസ്റ്റും വിജയകരമായതോടെ സ്പീഡ് ട്രയലിന് പച്ചക്കൊടിയായി. 5 കോച്ചുകളുള്ള ഇൻസ്പെക്‌ഷൻ കാർ വഹിച്ചുകൊണ്ടാണ് വൈദ്യുതി എൻജിൻ ഷൊർണൂരിലേക്കു പുറപ്പെട്ടത്. ബ്രോഡ്ഗേജ് പാതയിലെ വൈദ്യുതീകരണം പൂർത്തിയായതായി റെയിൽവേ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *