എ.ഐ കാമറ സ്ഥാപിച്ചിട്ട് 11 മാസം; നോട്ടീസ് അയക്കൽ നിലച്ചു

Share to



Perinthalmanna Radio
Date: 04-04-2024

വലിയ അവകാശ വാദത്തോടെ എ.ഐ കാമറ സ്ഥാപിച്ച് 11 മാസം പിന്നിടുമ്പോഴും പിടികൂടുന്ന ഗതാഗത നിയമ ലംഘനങ്ങൾ നോട്ടീസ് അയക്കാനാകാതെ കുമിഞ്ഞു കൂടുന്നു. ഇതുവരെ 50 ലക്ഷത്തോളം ഗതാഗത കുറ്റങ്ങൾ ക്യമറ പിടികൂടിയെങ്കിലും 25 ലക്ഷം കേസിലും നോട്ടീസ് തപാൽ വഴി അയച്ചിട്ടില്ല. എന്ന് അയച്ചു തീർക്കാൻ കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയുമില്ല. നോട്ടീസ് തപാൽ വഴി അയക്കാനുള്ള ചുമതല കെൽട്രോണിനാണ്. രണ്ടു ഗഡുക്കളായി മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകാനുള്ള 22 കോടി രൂപ കുടിശ്ശികയാണ്. ഇതിൽ തീരുമാനം വൈകുന്നതാണ് നടപടി ക്രമങ്ങൾ അനിശ്ചിതത്വത്തിൽ ആക്കുന്നത്.

കരാർ പ്രകാരം ക്യാമറകളും കൺട്രോൾ റൂമുകളും സ്ഥാപിച്ച ഇനത്തിലെ ചെലവും നടത്തിപ്പ്, തപാൽ മെയിന്റനൻസ്, വൈദ്യുതി, ഇൻ്റർനെറ്റ് തുടങ്ങിയ ചെലവുകളും ഉൾക്കൊള്ളുന്ന തുക മൂന്നുമാസം വീതമുള്ള ഗഡുക്കളായാണ് കെൽട്രോണിന് കൈമാറേണ്ടത്. ഒരു ഗഡു 11 കോടി രൂപയാണ്. ഇതിൽ 7.5 കോടി, ക്യാമറകളും മറ്റും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിച്ച ഇനത്തിലും ശേഷിക്കുന്നത് തപാൽ ഉൾപ്പെടെ പ്രവർത്തന ചെലവുമാണ്.

ഏറ്റവും ഒടുവിൽ സെപ്റ്റംബറിലാണ് മോട്ടോർ വാഹന വകുപ്പ് തുക കൈമാറിയത്. ഒക്ടോബർ മുതൽ മാർച്ച് വരെ കാലയളവിലെ രണ്ടു ഗഡുവാണ് ശേഷിക്കുന്നത്. ആന്റണി രാജു മന്ത്രിയായിരുന്ന സമയത്ത് അവലോകന യോഗങ്ങൾ കൃത്യമായി നടത്തുകയും പോരായ്‌മകൾ പരിഹരിക്കാൻ ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രി മാറിയതോടെ എല്ലാം നിലച്ചു. ക്യാമറ സ്ഥാപിച്ച് ആദ്യ മാസം മുതലേ കുടിശ്ശിക വലിയ വെല്ലുവിളിയായിരുന്നു. ആദ്യ മാസത്തെ അവലോകന യോഗത്തിൽ തന്നെ നോട്ടീസ് കാര്യത്തിലെ കുടിശ്ശികയിൽ സർക്കാർ അതൃപ്‌തി രേഖപ്പെടുത്തുകയും പരിഹരിക്കാൻ കെൽട്രോണിന് നിർദേശം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, 11 മാസം പിന്നിട്ടിട്ടും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ചെലാനുകൾ കെട്ടിക്കിടക്കുന്നതോടെ സർക്കാറിന് പിഴ ഇനത്തിൽ ലഭിക്കേണ്ട വരുമാനമാണ് മുടങ്ങുന്നത്.

ഒരു ദിവസം പിടികൂടുന്ന ഗതാഗതക്കുറ്റങ്ങൾക്ക് ചെലാൻ തപാലിൽ അയക്കാൻ രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. തുടക്കത്തിൽ ഈ തുക ആര് വഹിക്കുമെന്നതിൽ കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീടാണ് ധാരണയിൽ എത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *