നിലമ്പൂർ- കോട്ടയം എക്സ‌്പ്രസിന്റെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

Share to



Perinthalmanna Radio
Date: 06-04-2024

അങ്ങാടിപ്പുറം : 66 കിലോമീറ്ററിനിടയിൽ 10 സ്റ്റേഷനുകളുണ്ടായിട്ടും രണ്ടിടത്തുമാത്രം നിർത്തുന്ന ഒരു തീവണ്ടിയുണ്ട് നിലമ്പൂർ-ഷൊർണൂർ പാതയിൽ. ദിവസവും നിലമ്പൂരിൽനിന്ന് കോട്ടയത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന നിലമ്പൂർ-കോട്ടയം എക്‌സ്‌പ്രസ്. കോവിഡിനു മുൻപ് നിലമ്പൂരിൽനിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന തീവണ്ടിയായിരുന്നു ഇത്. അന്ന് എല്ലാ സ്റ്റേഷനുകളിലും നിർത്തി യാത്രക്കാരെ കയറ്റിയിറക്കിയിരുന്നു.

കോവിഡ് കാലത്തിന് ശേഷം നിലമ്പൂർ- കോട്ടയം എക്‌സ്‌പ്രസായി സർവീസ് പുനഃസ്ഥാപിച്ചതോടെ സ്റ്റോപ്പ് രണ്ടായി ചുരുങ്ങി. നിലവിൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് നിലമ്പൂർ-ഷൊർണൂർ പാതയിൽ ഈ തീവണ്ടിക്ക് സ്റ്റോപ്പുള്ളത്.

തൊടികപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, വല്ലപ്പുഴ, വാടാനാംകുർശ്ശി, കുലുക്കല്ലൂർ തുടങ്ങിയ ഹാൾട്ട് സ്റ്റേഷനുകളെയൊന്നും കണ്ടഭാവം നടിക്കാതെയാണ് സർവീസ്. ഇതിൽ ദിവസവും കൂടുതൽ യാത്രക്കാരെത്തുന്ന മേലാറ്റൂർ സ്റ്റേഷനെപ്പോലും പൂർണമായും അവഗണിക്കുന്നു. ഷൊർണൂർ വിട്ടാൽ കഥ വേറെയാണ്. കോട്ടയം എത്തുന്നതുവരെയും തിരിച്ചും എല്ലാ സ്റ്റോപ്പുകളിലും നിർത്തും. ദിവസവും പകൽ 2.45-ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് രാത്രി പത്തിന് കോട്ടയത്തെത്തുന്ന എക്‌സ്‌പ്രസ് പുലർച്ചെ 5.15-ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പകൽ 11.45-ന് നിലമ്പൂർ എത്തുന്ന വിധത്തിലാണ് സർവീസ് നടത്തുന്നത്. മലയോരപാതയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ദീർഘദൂരയാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സർവീസാണെന്നിരിക്കെ യാത്രക്കാർ ഏറെയുള്ള സ്റ്റോപ്പുകളിലൊന്നും നിർത്താത്തതിനാൽ അവർക്കൊന്നും ഗുണം ലഭിക്കാറില്ല.

തൂവ്വൂർ, മേലാറ്റൂർ, പട്ടിക്കാട് സ്റ്റേഷനുകളിൽ തീവണ്ടിക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ റെയിൽവേ മന്ത്രിക്കും മണ്ഡലം എം.പി.മാർക്കും റെയിൽവേ അധികൃതർക്കുമെല്ലാം പലതവണ നിവേദനങ്ങൾ നൽകിയിട്ടും ഇതുവരെ അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചാൽ സമയക്രമത്തിലുണ്ടാകുന്ന വലിയ മാറ്റം മറ്റു സർവീസുകളെ ബാധിക്കുമെന്ന ന്യായം പറഞ്ഞാണ് ജനകീയ ആവശ്യത്തോട് റെയിൽവേ മുഖം തിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *