
Perinthalmanna Radio
Date: 06-04-2024
പെരിന്തൽമണ്ണ: ആ ഉറപ്പും പാഴായി. ജില്ലാ ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്ക് കെട്ടിട നിർമാണം മാർച്ചിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുമെന്നായിരുന്നു മന്ത്രിയടക്കം പങ്കെടുത്ത യോഗത്തിൽ നൽകിയ ഉറപ്പ്. കേവലം രണ്ടു നിലകളിലുള്ള കെട്ടിടത്തിന്റെ പണി നിർമാണം തുടങ്ങി ഒന്നരവർഷമായിട്ടും പാതിയിലാണ്. രണ്ടാംനിലയുടെ മേൽക്കൂര വാർപ്പ് പൂർത്തിയാക്കി ഒരു ഭാഗത്ത് ചുമർ കെട്ടാൻ തുടങ്ങിയിട്ടേയുള്ളൂ.
നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച 1.04 കോടി രൂപയ്ക്കാണ് പുതിയ ഒ.പി. ബ്ലോക്ക് പണിയുന്നത്. പഴയ പേ വാർഡ് കെട്ടിടം പൊളിച്ചുനീക്കിയാണ് മോർച്ചറിയുടെ ഭാഗത്ത് പുതിയ കെട്ടിടം. തുടക്കത്തിൽ പേ വാർഡ് കെട്ടിടം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിച്ചശേഷമാണ് പണി തുടങ്ങാനായത്. ജനുവരിയിൽ പണി തീരുമെന്നായിരുന്നു കരാറുകാർ ആദ്യം പറഞ്ഞിരുന്നത്. ആരോഗ്യമന്ത്രിയുടെ സന്ദർശനസമയത്ത് ഫെബ്രുവരിയിൽ പൂർത്തിയാക്കി മാർച്ചിൽ ഉദ്ഘാടനം നടത്താനാകുമെന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ പറഞ്ഞത്. പതിനഞ്ചോളം ഒ.പി.കൾ പ്രവർത്തിക്കാനുള്ള സൗകര്യത്തിലാണ് കെട്ടിടം പണിയുന്നത്. പ്രവർത്തനസജ്ജമാകുന്നതോടെ നിലവിൽ രോഗികൾ വീർപ്പുമുട്ടി ഡോക്ടറെ കാണാൻ നിൽക്കുന്ന തിരക്ക് ഒഴിവാകും. കൂടുതൽ രോഗികളെത്തുന്നതും വിശാലമായ പരിശോധനാസൗകര്യം വേണ്ടതുമായ ഒ.പി.കൾ പുതിയതിലേക്ക് മാറുന്നതോടെ രോഗികളുടെ ഏറെ നേരത്തെ കാത്തുനിൽപ്പ് ഒഴിവാകും. നിലവിലെ ഒ.പി. കെട്ടിടത്തിൽ രാവിലെ നേരത്ത് രോഗികളുടെ വരി പുറത്തേക്ക് നീളും. വിരലിലെണ്ണാവുന്ന ഇരിപ്പിടങ്ങൾ നിറയുന്നതിനാൽ തീരെ അവശരായവർപോലും കഷ്ടപ്പെടുന്നു. എല്ലുരോഗ വിഭാഗത്തിലേക്ക് കൂടുതൽ രോഗികളെത്താറുണ്ട്. ഒടിവും ചതവും നടുവേദനയുമൊക്കെയായി എത്തുന്നവരും പ്രയാസപ്പെടുന്നു. മുകൾനിലയിലെ നേത്രവിഭാഗത്തിലെത്തുന്ന രോഗികളും കൂടിയിട്ടുണ്ട്. ഇ.എൻ.ടി., ജനറൽ സർജറി, ഡെന്റൽ, നേത്ര വിഭാഗങ്ങളുടെ ഒ.പി.യാണ് മുകൾനിലയിലുള്ളത്. ഇവിടെ വരാന്തയിലാണ് രോഗികൾ കാത്തുനിൽക്കുന്നത്. പുതിയ കെട്ടിടനിർമാണം വേഗത്തിലാക്കി മഴക്കാലത്തിനുമുൻപെങ്കിലും പ്രവർത്തനം തുടങ്ങണമെന്നാണ് ആവശ്യമുയരുന്നത്. ആശുപത്രിയുടെ പുതിയ സമഗ്ര പദ്ധതി തയ്യാറായിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒ.പി. ബ്ലോക്ക് നിർമിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
