
Perinthalmanna Radio
Date: 10-04-2024
പെരിന്തല്‍മണ്ണ: പണമോ ടോക്കണോ നല്‍കാതെ ട്രഷറിയില്‍ സമർപ്പിച്ച ബില്ലുകള്‍ മടക്കി നല്‍കിയപ്പോള്‍ അവ ശവപ്പെട്ടിയിലാക്കി, ബില്ലുകളുടെ ശവ മഞ്ചവുവുമായി ജനപ്രതിനിധികളുടെ വിലാപയാത്രാസമരം.
അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് പെരിന്തല്‍മണ്ണ സബ് ട്രഷറിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. ഒരുകോടിയോളം രൂപയുടെ ബില്ലുകളാണ് സബ് ട്രഷറിയില്‍നിന്ന് പണം നല്‍കാതെ മടക്കിയത്.
മാർച്ച് 22ന് നല്‍കിയ ബില്ലുകള്‍ അടക്കം പാസാക്കാത്തവയിലുണ്ട്. ടോക്കണും നല്‍കാത്തതിനാല്‍ ക്യൂബില്ലുകളുടെ ലിസ്റ്റില്‍ പെടുത്താതെ ബില്ലുകള്‍ പൂർണമായും തിരിച്ചുനല്‍കി. ആശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍, അംഗൻവാടി പോഷകാഹാരം വിതരണം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പ്, കൃഷിക്കാർക്കുള്ള വിവിധ സബ്സിഡികള്‍ തുടങ്ങിയവയുടെ ബില്ലുകള്‍ പണം നല്‍കാതെ മടക്കിയവയില്‍ ഉള്‍പ്പെടും. പെരിന്തല്‍മണ്ണ സബ് ട്രഷറിക്ക് മുന്നില്‍ നടക്കുന്ന രണ്ടാമത്തെ സമരമാണിത്. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് സമരം നടത്തിയിരുന്നു.
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടില്‍ സുനില്‍ ബാബു, തവളേങ്ങല്‍ ഫൗസിയ, അംഗങ്ങളായ ദാമോദരൻ, ഷംസാദ് ബീഗം, ഖദീജ ആറങ്കോടൻ, ജസീന അങ്കക്കാടൻ, അൻവർ പുത്തനങ്ങാടി, സ്വാലിഹ നൗഷാദ്, തൂമ്ബലക്കാടൻ ബഷീർ, ശിഹാബ് ചാത്തനല്ലൂർ എന്നിവരാണ് ‘ശവമഞ്ചവു’മായി എത്തിയത്.
മറ്റു ട്രഷറികളില്‍ കൈകൊണ്ട നടപടികളല്ല പെരിന്തല്‍മണ്ണയില്‍ സ്വീകരിച്ചതെന്നും പണം നല്‍കാതിരിക്കാൻ ബോധപൂർവം ശ്രമം നടത്തിയെന്നും കാണിച്ച് ട്രഷറി ഓഫിസർ ഇബ്രാഹീമിനെതിരെ ട്രഷറി ഡയറക്ടർക്ക് പരാതി നല്‍കി. അതേസമയം മാർച്ച് 22വരെ പണം അനുവദിച്ചിട്ടുണ്ടെന്നും അതിനുശേഷം സർക്കാർ നിർദേശ പ്രകാരമാണ് ബില്ലുകള്‍ മാറി നല്‍കാതിരുന്നതെന്നുമാണ് ട്രഷറി ഓഫിസർ ഇബ്രാഹീം പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
